കൊച്ചി: എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ല. ആലപ്പുഴ തിരിച്ചുപിടിക്കാൻ വേണുഗോപാൽ ഇറങ്ങണമെന്ന ആവശ്യം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ശക്തമാണെങ്കിലും ദേശീയ തലത്തിലുള്ള സംഘടനാ പ്രവർത്തനങ്ങളുടെ തിരക്കാണ് കെസിയെ മത്സരത്തിൽ നിന്ന് പിന്നോട്ടടിപ്പിക്കുന്നത്.
കെസി ഇല്ലെങ്കിൽ ആലപ്പുഴയിൽ ആരു മത്സരിക്കണം എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. കെ.സി.വേണുഗോപാൽ ആലപ്പുഴയിൽ ഇറങ്ങണമെന്ന് കോൺഗ്രസ് പ്രവർത്തകരെ സാക്ഷിനിർത്തി രമേശ് ചെന്നിത്തല മുന്നോട്ട് വച്ച നിർദേശത്തിന് കെ.സി.വേണുഗോപാൽ കൈകൊടുക്കാൻ തയ്യാറായില്ലെന്നാണ് കോൺഗ്രസ് ക്യാമ്പിൽ നിന്ന് പുറത്തുവരുന്ന സൂചന.
എന്നാൽ ഏത് പ്രതികൂല സാഹചര്യത്തിലും വേണുഗോപാൽ ആലപ്പുഴയിൽ മത്സരിച്ചാൽ വിജയിക്കുമെന്നാണ് കോൺഗ്രസുകാരെല്ലാം അവകാശപ്പെടുന്നത്.
രണ്ടാം ഭാരത് ജോഡോ നടത്തിപ്പും എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്തിന് പുറമെ ഇന്ത്യാ മുന്നണിയെ ഏകോപിപ്പിക്കുന്നതും ഉൾപ്പെടെ ദേശീയ തലത്തിൽ നിരവധി സംഘടനാ ചുമതലകൾക്കിടയിൽ ആലപ്പുഴയിൽ പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കെസിക്ക് കഴിയില്ലെന്നതാണ് പ്രധാന തടസ്സം.
പ്രചാരണം നേരിട്ട് നിയന്ത്രിച്ചില്ലെങ്കിൽ വിജയിക്കാൻ എളുപ്പമുള്ള മണ്ഡലമല്ല ആലപ്പുഴയെന്ന് മറ്റാരേക്കാളും നന്നായി കെസിക്കറിയാം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒന്നോ രണ്ടോ തവണ മാത്രമാണ് കെസി ആലപ്പുഴ സന്ദർശിച്ചത് എന്നത് മത്സരരംഗത്തേക്ക് വരില്ല എന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്