കണ്ണൂർ: കണ്ണൂർ ലോക്സഭാ സീറ്റിൽ ആരാകും യുഡിഎഫ് സ്ഥാനാർത്ഥി എന്നതിൽ സസ്പെൻസ് ഏറുകയാണ്. കെപിസിസി ജന. സെക്രട്ടറി കെ. ജയന്തിന് കണ്ണൂരിൽ സാധ്യതയേറുവെന്നാണ് വിലയിരുത്തൽ. സാമുദായിക സമവാക്യം അനുകൂലമായതോടെയാണ് ജയന്തിന്റെ പേര് ഉയർന്നു നിൽക്കുന്നത്.
ആലപ്പുഴയിൽ മുസ്ലിം എങ്കിൽ കണ്ണൂരിൽ ഈഴവ വിഭാഗം എന്നതാണ് സാമുദായിക സമവാക്യം. എന്നാൽ ഇവിടെ ആദ്യത്തേതിനാണ് സാധ്യത കൂടുതൽ. അപ്പോഴാണ് കെ. ജയന്തിന് ചാൻസ് ലഭിക്കുക. കെ.സുധാകരൻ നിർദേശിക്കുന്നതും ജയന്തിനെ തന്നെയാണ്.
നേരെ തിരിഞ്ഞു വന്നാൽ( ആലപ്പുഴ- ഈഴവ കണ്ണൂർ- മുസ്ലീം) കണ്ണൂരിൽ മുസ്ലിം സ്ഥാനാർത്ഥിയെങ്കിൽ എഐസിസി വക്താവ് ഷമ മുഹമ്മദ്, യൂത്ത് കോൺഗ്രസ് നേതാവ് അബ്ദുൾ റഷീദ്, കെപിസിസി ജന.സെക്രട്ടറി പി.എം.നിയാസ് എന്നിങ്ങനെ മൂന്നു പേരും പട്ടികയിലുണ്ട്.
2019ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നഷ്ടമായ ആലപ്പുഴയിലും പുതിയ സ്ഥാനാർത്ഥിയെ നിർത്താനാണ് കോൺഗ്രസിൽ ധാരണ. 2019ൽ ആലപ്പുഴയിൽ പരാജയപ്പെട്ടതിന് പിന്നാലെ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അരൂരിൽ നിന്നും പരാജയപ്പെട്ടതാണ് കഴിഞ്ഞ തവണ മത്സരിച്ച ഷാനി മോൾ ഉസ്മാന് തിരിച്ചടിയാകുന്നത്.
രാജ്യസഭാ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കെ സി വേണുഗോപാലിനെ പരോക്ഷമായി വിമർശിച്ച് ഷാനി മോൾ നേരത്തെ രംഗത്ത് വന്നിരുന്നു. ഇതും ഷാനി മോൾക്ക് എതിരായ ഘടകമാണ്. ആലപ്പുഴയിലെ സ്ഥാനാർത്ഥിയെ പരിഗണിക്കുമ്പോൾ ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ കെ സി വേണുഗോപാലിൻ്റെ താൽപ്പര്യം പരിഗണിക്കുമെന്ന് വ്യക്തമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്