കൊച്ചി: സി.പി.എം പൂണിത്തുറ ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടേക്കും. പൂണിത്തുറ ലോക്കല്‍ കമ്മിറ്റി യോഗത്തിന് ശേഷം പേട്ട ജങ്ഷനില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനമുണ്ടായതിനെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ പൊലീസ് അറസ്റ്റിലായ ആറുപേരെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സംഭവം പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയ സംഭവമായിട്ടാണ് മേല്‍ക്കമ്മിറ്റികള്‍ കാണുന്നത്.
ലോക്കല്‍ കമ്മിറ്റി പിരിച്ചുവിടണമെന്ന് പാര്‍ട്ടി തൃക്കാക്കര ഏരിയാ കമ്മിറ്റി കഴിഞ്ഞ ദിവസം അടിയന്തരമായി കൂടി ജില്ലാ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശനിയാഴ്ച രാത്രിയാണ് ലോക്കല്‍ കമ്മിറ്റി യോഗത്തിലുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് പേട്ട ജങ്ഷനില്‍ നടുറോഡില്‍ പ്രവര്‍ത്തകര്‍ തമ്മിലടിച്ചത്. ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റിരുന്നു.
സംഭവത്തില്‍ ഔദ്യോഗിക പക്ഷത്തിന് എതിരായിട്ടുള്ളവരില്‍ ആറുപേരെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാരെ സ്ഥാനത്ത് നിന്ന് നീക്കും. 11 ന് കാര്യങ്ങള്‍ വിശദീകരിക്കാന്‍ പുണിത്തുറയില്‍ പാര്‍ട്ടി പൊതുയോഗം വിളിച്ചിട്ടുണ്ട്. ഈ മാസം 22, 23 തീയതികളില്‍ പാര്‍ട്ടി ലോക്കല്‍ സമ്മേളനം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് നടക്കാനിടയില്ലെന്നാണ് സൂചന.
ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഒരെണ്ണം ഒഴിച്ച് 16 എണ്ണം കഴിഞ്ഞു. അതില്‍ അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാരെ പാര്‍ട്ടി മേല്‍ഘടകം ഇടപെട്ട് സ്ഥാനത്തുനിന്ന് മാറ്റാന്‍ തീരുമാനിച്ചിരുന്നതാണ്. രാജിവെച്ചവരും സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് പാര്‍ട്ടി അച്ചടക്ക നടപടിക്ക് വിധേയരായവരും ബ്രാഞ്ച് സെക്രട്ടറിമാരായി വരാന്‍ പാടില്ല എന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍, മുന്‍പ് എല്‍.സി.യില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം സി.എം. ദിനേശ് മണി പ്രസംഗിച്ചുകൊണ്ടിരിക്കെ മുദ്രാവാക്യം വിളിക്കുകയും മറ്റും ചെയ്തതിന് അച്ചടക്ക നടപടി നേരിടുന്നവര്‍ ബ്രാഞ്ച് സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഇവരെ മാറ്റുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്ത ലോക്കല്‍ കമ്മിറ്റിയിലായിരുന്നു തര്‍ക്കങ്ങളും തുടര്‍ന്ന് സംഘര്‍ഷവും ഉണ്ടായത്. അവരെ ബ്രാഞ്ച് സെക്രട്ടറിസ്ഥാനത്തുനിന്ന് ഒഴിവാക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.
സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു വിഭാഗത്തിനൊപ്പം നില്‍ക്കുന്ന മുതിര്‍ന്ന ഏരിയാ കമ്മിറ്റി അംഗത്തിനെതിരേയും നടപടി വന്നേക്കും. വയനാട് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിക്ക് ആലോചിച്ചിട്ടുള്ളത്. ജില്ലാ കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്യും.
ലോക്കല്‍ കമ്മിറ്റി പിരിച്ചുവിടുന്ന സാഹചര്യം ഉണ്ടാകുകയും സമ്മേളനം നടക്കാതെ വരുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായാല്‍ അഡ്‌ഹോക് കമ്മിറ്റി വന്നേക്കാം. അല്ലെങ്കില്‍ പൂണിത്തുറ ലോക്കല്‍ കമ്മിറ്റിയെ അടുത്തുള്ള ലോക്കല്‍ കമ്മിറ്റിയിലേക്ക് കൂട്ടിച്ചേര്‍ക്കാനും സാധ്യതയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്