കഥ ഇതുവരെ: കെന്നഡി ജൂനിയർ പറത്തിയ വിമാനം തകർന്ന് വീണു. അതുമായി ബന്ധപ്പെട്ട് ചില അത്യാഹിതങ്ങൾ സംഭവിക്കുന്നു. അതിന്റെ അന്വേഷണത്തിലാണ് റിപ്പോർട്ടർ റോബിൻസ്. കൂടുതൽ അന്വേഷണങ്ങൾക്കായി അയാൾ കെനിയായൽ എത്തി. അവിടത്തെ ദരിദ്ര്യാവസ്ഥ ഭയാനകമായിരുന്നു. ആ അനുഭവം നേരിട്ടറിയാൻ അയാൾ ഒരു ചരക്കുകപ്പലിൽ രഹസ്യമായി കയറി. ആ യാത്ര അയാളെ വലിയൊരു അപകടത്തിലേക്കെത്തിച്ചു.
തുടർന്നു വായിക്കുക.
മഹാസമുദ്രത്തിന്റെ ആ ഇരുണ്ട നീലിമയിൽ എംവി ഓഷ്യൻ മെറിഡിയൻ പതുക്കെ നീങ്ങിക്കൊണ്ടിരുന്നു. ഡെക്കിൽ നിന്നുള്ള ക്യാപ്ടന്റെ ശബ്ദത്തിൽ ദേഷ്യം ഒട്ടുംതന്നെ ഇല്ല. അത് തന്നെയായിരുന്നു ഏറ്റവും ഭയപ്പെടുത്തുന്ന സംഗതിയും..! കുറച്ചുനേരം മുൻപ് തോക്കിന്റെ തണുത്ത വായ റോബിൻസിന്റെ നെറ്റിയിൽ പതിഞ്ഞിരുന്നു. പിന്നെ ക്യാപ്ടൻ ആ തോക്ക് പാന്റിന്റെ പോക്കറ്റിൽ തിരുകി.
''നീ ആരാണെന്ന് ഞാൻ അറിയണം, റോബിൻസ്... പക്ഷേ അതിന് മുൻപ്, ഈ കപ്പലിൽ നിയമം എന്താണെന്ന് നീയും ഇവരും മനസിലാക്കണം.'
ക്യാപ്ടൻ ബെൽ അടിച്ചു. ചീഫ് ഓഫീസർ, എഞ്ചിനിയർ സെൽവരാജ്, ഡെക്ക് ഹാൻഡുകൾ എല്ലാവരും ബ്രിഡ്ജിന് സമീപം ഒത്തുകൂടി. ക്യാപ്ടൻ ശബ്ദം നിയന്ത്രിച്ച് സംസാരിച്ചു.
അത് ഒരു പ്രസംഗം പോലെ അല്ല; കുറ്റസമ്മതം പോലെ ആയിരുന്നു.
''പുറം കടലിൽ ചരക്കുകപ്പലിൽ നിന്ന് ഒരു അപരിചിതനെ പിടികൂടിയാൽ നിലവിലുള്ള അന്താരാഷ്ട്ര കടൽനിയമം നമുക്കും പാലിക്കേണ്ടതുണ്ട്.''
അയാൾ ഓരോ വാചകവും ഏറെ ശ്രദ്ധയോടെയാണ് പറയുന്നത്.
കപ്പൽ രജിസ്റ്റർ ചെയ്ത രാജ്യത്തിന്റെ നിയമം അനുസരിച്ചേ നമുക്ക് മുന്നോട്ടു പോകാനാകു. ഇത് ഓഷ്യൻ മെറിഡിയൻ പനാമയിൽ രജിസ്റ്റർ ചെയ്ത കപ്പലാണ്. അപരിചിതനെ ഉടൻ ഹാനികരമായി കാണാൻ പാടില്ല. അവന്റ പക്കൽ ആയുധമുണ്ടോ,? ഏതെങ്കിലും തരത്തിലുള്ള ഭീഷണി മുഴക്കുന്നുണ്ടോ? എന്നറിയണം.? ക്യാപ്ടൻ റോബിൻസിനു നേരെ തിരിഞ്ഞ്:
നീ അത് ആദ്യം വ്യക്തമാക്കണം.
വളരെ ശാന്തനായി ക്യാപ്ടന്റെ കണ്ണുകളിലേക്കു നോക്കിക്കൊണ്ട റോബിൻസ് പറഞ്ഞു:
പറഞ്ഞല്ലോ, ഞാനൊരു പത്രപ്രവർത്തകനാണ്.
പക്ഷേ, അനധികൃത കയറിപ്പറ്റൽ കുറ്റമാണ്, എന്നാലിപ്പോൾ നിന്നെ കൊന്നുകളയാനോ, പീഡിപ്പിക്കാനോ നിയമം അനുവദിക്കുന്നില്ല. ഞങ്ങൾക്കതിന് ഉദ്ദേശ്യവുമില്ല. എന്നാൽ, തുറമുഖത്തെ പോലീസ് അല്ല, ഈ കടലിൽ ഞാൻ തന്നെയാണ് നിയമം നടപ്പാക്കുന്നത്.
അവസാനം ക്യാപ്ടൻ ശബ്ദം താഴ്ത്തി പറഞ്ഞു:
''പക്ഷേ, റോബിൻസ്... നിയമം പാലിക്കുന്നതായി ഞാനും നീയും ഭാവിച്ചേപറ്റു. ഭാവിച്ചാൽ മാത്രം മതി.
കപ്പലിലുള്ളവർ പരസ്പരം നോക്കി. ആ വാചകം അവർക്കു മനസിലായില്ല. പക്ഷേ റോബിൻസിന് മനസിലായി. ഇതൊരിക്കലും തന്നെ രക്ഷിക്കാനുള്ള പ്രസംഗമല്ല.
അടുത്ത തുറമുഖം എത്തുന്നതിന് മുൻപ് തന്നെ താൻ ''അപരിചിതൻ'' ആയി കടലിൽ അപ്രത്യക്ഷനാകേണ്ടി വരുമോ എന്ന ചോദ്യം അവന്റെ നെഞ്ചിൽ കുത്തിനിന്നു. എങ്കിലും അയാളതു പുറമേ കാണിച്ചില്ല.
ക്യാപ്ടൻ പെട്ടെന്ന് ശബ്ദം ഉയർത്തി:
'റിലീസ് ഹിം'
ആ ശബ്ദത്തിൽ കരുണയില്ല. പക്ഷേ ഒരു കൃത്യതയുണ്ടായിരുന്നു, ആജ്ഞയുടെ കൃത്യത. കയർ അഴിഞ്ഞപ്പോൾ റോബിൻസിന്റെ കൈകളിൽ രക്തം തിരികെ ഒഴുകി. വേദനയേക്കാൾ അവനെ വിറപ്പിച്ചത് ക്യാപ്ടന്റെ മുഖം തന്നെയാണ്.
അവിടെ പരാജയം ഇല്ലായിരുന്നു. തീരുമാനം മാത്രമുണ്ടായിരുന്നു.
ക്യാപ്ടൻ തിരിഞ്ഞു എല്ലാവരെയും നോക്കി:
''ഇപ്പോൾ മുതൽ ഈ മനുഷ്യൻ തടവുകാരൻ അല്ല.''
ഒരു നിമിഷം നിശ്ശബ്ദത.
''ഇയാൾ എന്റെ അതിഥിയാണ്.''
ആ വാക്ക് കപ്പലിൽ ഒരു അസ്വസ്ഥത പോലെ പടർന്നു. ചീഫ് ഓഫീസർ വായ തുറക്കാൻ ശ്രമിച്ചു.
ക്യാപ്ടൻ കൈ ഉയർത്തി തടഞ്ഞു.
''നിയമം പറഞ്ഞത് നിങ്ങൾ കേട്ടല്ലോ. ലോഗ്ബുക്ക് എൻട്രി ഞാൻ തന്നെ എഴുതിക്കോളാം.'' അയാൾ റോബിൻസിനെ നോക്കി.
''പക്ഷേ മിസ്റ്റർ റോബിൻസ്, നിങ്ങൾക്കൊരു ഉത്തരവാദിത്വമുണ്ട്.''
റോബിൻസ് ചോദിച്ചു: ''എന്ത്?''
ക്യാപ്ടൻ ശബ്ദം താഴ്ത്തി. അത് ഭീഷണിയല്ല കരാർ ആയിരുന്നു.
''നിങ്ങൾ ഇനി ഈ കപ്പലിൽ സ്വതന്ത്രനാണ്.''
ഒരു നിമിഷം.
''പക്ഷേ നിങ്ങൾ കാണുന്നതെല്ലാം നിങ്ങളുടെ ഓർമ്മയിലാണ്.''
ക്യാപ്ടൻ ബ്രിഡ്ജിലെ വിൻഡോ തുറന്നു. കടൽ ഉള്ളിലേക്ക് ശ്വാസം പോലെ കയറി.
''ഒരു പത്രപ്രവർത്തകൻ ചിലപ്പോൾ എഴുതാത്തതുകൊണ്ടാണ് ജീവിക്കുന്നത്.''
റോബിൻസ് മനസ്സിലാക്കി:
ഇത് മോചനമല്ല. ഇത് പുതിയ തടവാണ്.
ക്യാപ്ടൻ അവസാന വാചകം പറഞ്ഞു:
''നീ ഇപ്പോൾ എന്റെ കപ്പലിന്റെ ഭാഗമാണ്.''
അകലെ എഞ്ചിൻ ഗർജ്ജിച്ചു. കടൽ അവരെ മുന്നോട്ട് കൊണ്ടുപോയി, പക്ഷേ ഇനി ആർക്കും തിരികെ പോകാനാവില്ല.
രാത്രി കടൽ ശാന്തം..! നല്ലോരു കുളി കഴിഞ്ഞപ്പോൾ റോബിൻസിന് എന്തെന്നില്ലാത ഉന്മേഷം തോന്നി. തൊട്ടുപിന്നാലെ ചൂടുള്ള ചിക്കനും ചപ്പാത്തിയും കിട്ടി. പിന്നെ വിശ്രമിക്കാൻ ഒരു മുറിയും. മുറിയിലെത്തി അല്പം കഴിഞ്ഞപ്പോൾ അവനൊരു പാട്ടുകേട്ടു.
'ഗോഗുൽത്താ മലയിൽ നിന്നും വിലാപത്തിൻ മാറ്റൊലികേട്ടു...'
റോബിൻസ് ആദ്യം ശ്രദ്ധിച്ചത് ശബ്ദമല്ല. ഭാഷയാണ്.
അവന്റെ മുറിക്കു സമീപം വികാരഭാരത്താൽ വിലപിക്കും പോലൊരു ഗാനശകലം ചെറുതായി കേട്ടു. റോബിൻസ് തല ഉയർത്തി. പിന്നെ പതിയെ പുറത്തുകടന്നു. അവിടെ നിന്നത് സെക്കൻഡ് ഓഫീസർ ബേസിൽ മാത്യു.
നിറം മങ്ങിയ യൂണിഫോം. മുഖത്ത് കടൽ കണ്ടവന്റെ ക്ഷീണം.
റോബിൻസ് പതുക്കെ ?ചോദിച്ചു:
''നാടെവിടെയാണ്?''
ബേസിൽ ഒന്നു ഞെട്ടി. പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു:
''കോതമംഗലം.''
ആ വാക്ക് ഈ കപ്പലിൽ ആദ്യമായി മണ്ണിന്റെ ഗന്ധം കൊണ്ടുവന്നു. അന്ന് മുതൽ അവരുടെ സംഭാഷണങ്ങൾ രാത്രിയിലേക്കു മാറി.
എഞ്ചിൻ റൂമിനടുത്തുള്ള സ്റ്റോറിന് പുറകിൽ. ക്യാമറ കാണാത്ത ഒരിടം..!
ബേസിൽ പറഞ്ഞു: ''ക്യാപ്ടൻ നിങ്ങളോടു പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ ഒരുപാട് ഉണ്ട്.''
റോബിൻസ് ചോദിച്ചില്ല. അത് തന്നെ വിശ്വാസത്തിന്റെ തുടക്കമായിരുന്നു.
ബേസിൽ പതുക്കെ പറഞ്ഞു:
''ലോഗ്ബുക്ക് രണ്ടു എണ്ണം ഉണ്ട്.'' റോബിൻസിന്റെ കണ്ണുകൾ മിന്നി.
''ഒന്ന് ഔദ്യോഗികം. മറ്റേത്... ക്യാപ്ടന്റെ കൈയ്യിലുള്ളത്.''
അവൻ തുടർന്നു:
''ഭാരം രേഖപ്പെടുത്തുമ്പോൾ കണ്ടെയ്‌നറുകളുടെ എണ്ണം ഒരു ഡെസിമൽ പോലും പൊരുത്തപ്പെടുന്നില്ല.''
ബേസിൽ ചുറ്റും നോക്കി. ''റേഡിയോയിൽ ചില സന്ദേശങ്ങൾ ഡികോഡ് ചെയ്യാറില്ല.''
''ചെയ്യാൻ പാടില്ല എന്നല്ല... ചെയ്യരുത് എന്ന് ക്യാപ്ടൻ പറഞ്ഞിട്ടുണ്ട്.''
''എന്നാൽ ഞാൻ ഒന്ന് ശ്രമിച്ചു.''
ഒരു കോഡ് നമ്പർ റോബിൻസിന്റെകൈയിലേക്കു വെച്ചു.
ബി47/ബെംഗാസി.
ബേസിൽ ഒടുവിൽ പറഞ്ഞു: അത് കയ്യിലിരിക്കട്ടെ ആവശ്യം വരും.
*** ***** **** *
എംവി ഓഷ്യൻ മെറിഡിയൻ. രാത്രി ഫോർവേഡ് ഹോൾഡിന് പുറത്ത് കനത്ത ഇരുട്ട്. ബേസിൽ പടികൾ ഇറങ്ങുന്നതിന് മുൻപ് റോബിൻസ് ഒരു നിമിഷം അവന്റെ കൈ പിടിച്ചു. കുറെയേറെ സംസാരിച്ചു ഇരുവരും.
ഒടുവിൽ ഗുഡ്‌നൈറ്റ് പറഞ്ഞ് പിരിഞ്ഞു.
അവൻ ഇരുട്ടിലേക്ക് ഇറങ്ങി.
ക്യാപ്ടൻ റോബിൻസിന് അപകടം ഒരുക്കുമ്പോൾ ബേസിൽ രക്ഷ ഒരുക്കുകയായിരുന്നു.
ബേസിൽ പറഞ്ഞ അവസാന വാക്കുകൾ അയാളുടെ ചെവിയിൽ മുഴങ്ങി:
'സാറ്റലൈറ്റ് ഫോൺ... എഞ്ചിൻ റൂം... പരിശോധന ലോക്കർ. ഒരു മിനിറ്റ് വിൻഡോ.'
റോബിൻസ് എഞ്ചിൻ റൂമിനടുത്തുള്ള മെറ്റൽ കാബിനറ്റിന്റെ താക്കോൽ തിരിച്ചു. ലൈറ്റ് തെളിഞ്ഞില്ല. പക്ഷേ ഫോൺ അവിടെ ഉണ്ടായിരുന്നു.
ഒറ്റ മിനിറ്റ്. അത്ര മാത്രം.
രാത്രി. ടൈം സ്‌ക്വയറിൽ നിന്നും വാരകൾ മാത്രം അകലെയുള്ള ദി വേൾഡ് ടൈംസ് ന്യൂസ്‌പേപ്പർ ആസ്ഥാനത്ത് എക്‌സിക്യുട്ടീവ് എഡിറ്റർ ജോർജ് ലൂക്കാസ് ഉണർന്നിരുന്നു. സ്‌ക്രീനിൽ ഒരു അപരിചിത നമ്പർ മിന്നി.
അയാൾ ഫോൺ എടുത്തു. 'ലൂക്കാസ് ഹിയർ'
ശ്വാസം അടക്കിയ ശബ്ദം: ഇത് റോബിൻസാണ്.
ലൂക്കാസ് എഴുന്നേറ്റു.
''നീ എവിടെയാണ...്?''
കപ്പലിൽ തന്നെ. ഇന്ത്യൻ മഹാസമുദ്രത്തിൽ..!
ലൂക്കാസ് സശ്രദ്ധം ചെവി കൂർപ്പിച്ചു നിന്നു.
ഒരു പത്രപ്രവർത്തകൻ ജീവൻ പണയപ്പെടുത്തി പറയുന്ന ശബ്ദം.
'യന്ത്രങ്ങളായി അടയാളപ്പെടുത്തിയ കണ്ടെയ്‌നറുകൾ. ഉള്ളിൽ ആയുധങ്ങൾ, വിഷവസ്തുക്കൾ. ഡെസ്റ്റിനേഷൻ ബെംഗാസി.'
ലൂക്കാസ് കണ്ണട എടുത്തു മാറ്റിക്കൊണ്ട് ചോദിച്ചു:
'ആരാണ് അതിന് നേതൃത്വം കൊടുക്കുന്നത്..?'
'ക്യാപ്ടൻ. അയാൾ മാത്രമാണ് കുറ്റക്കാരൻ. '
ഒരു നിമിഷം.
'ക്രൂ?'
'നിരപരാധികൾ.. ബേസിൽ എന്ന ഒരു മലയാളി ഓഫീസർ എന്നെ സഹായിക്കുന്നു. അയാൾ മരിച്ചാൽ അത് അപകടമല്ല, കൊലപാതകമാണ്.'
ലൂക്കാസ് ദീർഘശ്വാസം വിട്ടു. എന്നിട്ട് ചോദിച്ചു.
'പ്രൂഫ്..!'
റോബിൻസ് പറഞ്ഞു: 'ഇരട്ട ലോഗ്ബുക്കുകൾ. ഭാരത്തിലെ വ്യത്യാസങ്ങൾ.
എൻക്രിപ്റ്റ് ചെയ്ത റേഡിയോ പൊട്ടിത്തെറികൾ. ടൈം സ്റ്റാമ്പുകൾ.'
റോബിൻസ് ശബ്ദം താഴ്ത്തി:
'സാർ... ഞാൻ അപ്രത്യക്ഷനായാൽ മാത്രം പ്രസിദ്ധീകരിക്കുക.''
ലൂക്കാസ് ഒരു നിമിഷം മിണ്ടാതിരുന്നു.
എന്തോ ഒരപകടം റോബിൻസ് മുന്നിൽ കണ്ടു. ഫോൺ ചൂടായി.
പടികളിലൂടെ ആരുടേയോ ബൂട്ടിന്റെ ശബ്ദം.
ഇന്റർകോം വഴി ബേസിലിന്റെ സംസാരം.! 'ഇപ്പോൾ നിർത്തുക..!'
റോബിൻസ് ഉടൻ ഫോൺ താഴെവച്ചു. പിന്നെ മിന്നൽ വേഗത്തിൽ താക്കോൽ തിരിച്ചു.
ഇനി ഈ കഥ കടലിൽ മാത്രം അല്ല. അങ്ങ് ന്യൂയോർക്കിലും എത്തിയിരിക്കുന്നു എന്ന സമാധാനത്തോടെ തിരിഞ്ഞു നടന്നു.
ആ ക്യാപ്ടൻ കരുതിയത് ഒരു മനുഷ്യനെ കടൽ വിഴുങ്ങും എന്നായിരുന്നു. എന്നാൽ അപകടകരമായ വിലപ്പെട്ട വാക്കുകൾ കടൽ കടന്നിരുന്നു..!
കടൽ തികച്ചും അസ്വസ്ഥമായിക്കൊണ്ടിരിക്കുകയാണ്.
റഡാർ സ്‌ക്രീനിൽ ഒരു ചെറു പുള്ളി മിന്നി. പിന്നെ മങ്ങി. ബേസിൽ മാത്യുവിന്റെ വിരലുകൾ പതിവിലും അധികം വേഗത്തിൽ കീബോർഡിലൂടെ നീങ്ങി. അത് ക്യാപ്ടൻ ശ്രദ്ധിച്ചു. അയാൾ വിളിച്ചു:
'സെക്കന്റ് ഓഫീസർ'
ശബ്ദം ശാന്തമായിരുന്നു. അത് തന്നെയായിരുന്നു മുന്നറിയിപ്പ്.
ബേസിൽ തിരിഞ്ഞു. 'ഏസ് ക്യാപ്ടൻ'
ക്യാപ്ടൻ അടുത്തുവന്നു. റഡാർ നോക്കി. പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു:
''നീ മലയാളം സംസാരിക്കുന്നുണ്ടല്ലോ ആ പത്രക്കാരനോട്?''
ആ ചോദ്യം ബേസിലിന്റെ നട്ടെല്ലിലൂടെ വല്ലാത്തൊരു തണുപ്പ് കടത്തിവിട്ടു. ഉള്ളൊന്നു പിടഞ്ഞു. ബേസിൽ ഒന്നും പറഞ്ഞില്ല.
''ഭാഷ മനുഷ്യനെ ബന്ധിപ്പിക്കും, ഒരു രഹസ്യം രണ്ട് പേർ അറിഞ്ഞാൽ അത് പിന്നെ രഹസ്യമല്ല.''
ബേസിൽ മാത്യുവിന്റെ കണ്ണിൽ ഇരുട്ടുകയറി.
(തുടരും)
ജോഷി ജോർജ്
നോവൽ ഇതുവരെ
നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം
https://vachakam.com/local/mysterious-plane-crash
പുലിറ്റ്‌സർ ജേതാവ് അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!
https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth
പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം
https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky
പുലിറ്റ്‌സർ ജേതാവ് അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!
https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion
പുലിറ്റ്‌സർ ജേതാവ് നോവൽ 5 ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം
https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi
പുലിറ്റ്‌സർ ജേതാവ് നോവൽ 6 രഹസ്യം ചുരുളഴിയുന്നു
https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd
പുലിറ്റ്‌സർ ജേതാവ് നോവൽ 7 പുതിയൊരു അന്വേഷണത്തിന്റെ ആരംഭം
https://vachakam.com/article/pulitzer-prize-winning-novel-7-the-beginning-of-a-new-investigation
പുലിറ്റ്‌സർ ജേതാവ് - നോവൽ 8 - ദാരിദ്ര്യത്തിന്റെ ഇരുണ്ട മുഖം
https://vachakam.com/article/pulitzer-winner-novel-8-the-dark-face-of-poverty
പുലിറ്റ്‌സർ ജേതാവ് - നോവൽ 9 - വീണ്ടും ക്യൂബൻ മാഫിയ
https://vachakam.com/article/pulitzer-winner-novel-9-the-cuban-mafia-again
പുലിറ്റ്‌സർ ജേതാവ് നോവൽ 10 ഒരു ടാൻസാനിയൻ യാത്രയിലെ പ്രശ്‌നങ്ങൾ
https://vachakam.com/article/pulitzer-winner-novel-10-troubles-on-a-tanzanian-journey
പുലിറ്റ്‌സർ ജേതാവ് - നോവൽ 11 - വിചിത്ര സ്വഭാവമുള്ള സുന്ദരികളുടെ വിളയാട്ടം
https://vachakam.com/article/pulitzer-winner-novel-11-a-tale-of-strange-beauties
പുലിറ്റ്‌സർ ജേതാവ് നോവൽ 12 തലയ്ക്കടിച്ചുണർത്തുന്ന വനമഹോത്സവം
https://vachakam.com/article/pulitzer-prize-winner-novel-12-the-mind-blowing-forest-festival
പുലിറ്റ്‌സർ ജേതാവ് നോവൽ 13 കാഗോ ഹോൾഡിൽ ജീവനോടെ പോകാമെന്നു കരുതുന്നവർ
പുലിറ്റ്‌സർ ജേതാവ് നോവൽ 14 കടലലേക്ക് പോകുന്ന നിഴൽ
https://vachakam.com/article/pulitzer-winner-novel-14-the-shadow-that-goes-to-the-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 15 - മനസ്സിലൂടെ ചെപ്പുകുളത്തേക്ക് ഒരുയാത്ര..!
https://vachakam.com/article/pulitzer-prize-winner-novel-15-a-journey-to-cheppukulam-through-the-mind
പുലിറ്റ്‌സർ ജേതാവ് - നോവൽ 16 - ആഴക്കടലിൽ കണ്ടത് പ്രേതമോ, മനുഷ്യനോ..?https://vachakam.com/article/pulitzer-prize-winner-novel-16-was-it-a-ghost-or-a-human-being-seen-in-the-deep-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 17 - ആ രഹസ്യം അയാളെ ജീവനോടെ വിടുമോ..?
https://vachakam.com/article/pulitzer-winner-novel-17-will-that-secret-keep-him-alive
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
