വാഷിംഗ്ടൺ: അമേരിക്ക- ഇസ്രായേൽ- ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോൾ പശ്ചിമേഷ്യ കനത്ത രക്തച്ചൊരിച്ചിലിന് സാക്ഷിയാകുന്നു. ശനിയാഴ്ച പുലർച്ചെയും അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. കഴിഞ്ഞ ശനിയാഴ്ച അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് മേഖല യുദ്ധത്തിലേക്ക് നീങ്ങിയത്.
യുദ്ധം തുടങ്ങിയ ശേഷം ഇറാനിൽ മാത്രം ഇതുവരെ 1,230 ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 70-ലേറെ പേർ കൊല്ലപ്പെട്ടു. ഇസ്രായേലിൽ പന്ത്രണ്ടോളം പേരും കുവൈറ്റിൽ ആറ് അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പ്രതികാരമായി ഹിസ്ബുള്ള കൂടി യുദ്ധത്തിൽ പങ്കുചേർന്നതോടെ ലെബനനും സംഘർഷഭരിതമായി.
ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രത
പശ്ചിമേഷ്യൻ യുദ്ധം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രത. വെള്ളിയാഴ്ച ദുബായിലെയും മറ്റ് എമിറേറ്റുകളിലെയും താമസക്കാർക്ക് തങ്ങളുടെ മൊബൈൽ ഫോണുകളിൽ 'മിസൈൽ ഭീഷണി' (Missile Threat) സംബന്ധിച്ച അടിയന്തര ജാഗ്രതാ സന്ദേശങ്ങൾ ലഭിച്ചു. ഇതേസമയം, അയൽരാജ്യമായ കുവൈറ്റിലെ അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം ഉണ്ടായതിനെത്തുടർന്ന് കുവൈറ്റിലെ യുഎസ് എംബസി അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടി.ഗൾഫ് രാജ്യങ്ങളിലെ സുരക്ഷാ സാഹചര്യം മോശമായതിനെത്തുടർന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് തങ്ങളുടെ അനൗദ്യോഗിക ജീവനക്കാരോട് മേഖലയിൽ നിന്ന് മടങ്ങാൻ നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, സൗദി അറേബ്യയുടെ പ്രധാന എണ്ണപ്പാടങ്ങളിലൊന്നായ ഷൈബയ്ക്ക് (Shaybah) നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണ ശ്രമം സൗദി പരാജയപ്പെടുത്തി. റുബ് അൽ ഖാലി മരുഭൂമിയിലെ എണ്ണപ്പാടം ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകൾ തകർത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിന് മണിക്കൂറുകൾക്ക് മുമ്പ് റിയാദിന് സമീപമെത്തിയ മറ്റൊരു ഡ്രോണും സൈന്യം വെടിവെച്ചിട്ടിരുന്നു.
ഇറാന്റെ അടുത്ത നേതാവിനെ താൻ തീരുമാനിക്കുമെന്ന് ട്രംപ്
ഇറാനിൽ ഭരണകൂട മാറ്റം ലക്ഷ്യമിടുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ തനിക്ക് പങ്കുണ്ടാകണമെന്ന് വ്യക്തമാക്കി. അമേരിക്കൻ വാർത്താ വെബ്സൈറ്റായ ആക്സിയോസിന് (Axios) നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. അന്തരിച്ച അലി ഖമേനിയുടെ മകൻ മോജ്തബ ഖമേനിയെ ട്രംപ് പാടേ തള്ളിക്കളഞ്ഞു
. "അദ്ദേഹത്തിന്റെ മകൻ എനിക്ക് സ്വീകാര്യമല്ല. ഇറാനിൽ സമാധാനവും ഐക്യവും കൊണ്ടുവരുന്ന ഒരാളെയാണ് നമുക്ക് വേണ്ടത്. വെനസ്വേലയിൽ ഡെൽസിയെ നിയമിച്ചതുപോലെ ഇറാന്റെ കാര്യത്തിലും എനിക്ക് ഇടപെടേണ്ടി വരും," ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്റെ ഈ പ്രസ്താവനയ്ക്കെതിരെ ഇറാൻ ഐക്യരാഷ്ട്രസഭയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
