ആലപ്പുഴ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാനമൊട്ടാകെ നടത്തിയത്. ആലപ്പുഴയിലും പ്രവർത്തകർ കളക്ട്രേറ്റ് മാർച്ച് നടത്തിയിരുന്നു.
ആലപ്പുഴയിലെ മാർച്ചിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ യാതൊരുവിധ ദയാദാക്ഷിണ്യമില്ലാതെയാണ് പൊലീസ് ലാത്തി വീശിയത്. ആ ലാത്തിയടയിൽ വഴിമുട്ടിയത് യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിയായ മേഘ രഞ്ജിത്തിന്റെ ജീവിതമാണ്!
ലാത്തിചാർജ്ജിൽ ഗുരുതരമായി പരുക്കേറ്റ മേഘയെ വണ്ടാനം മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് നില ഗുരുതരമാകുകയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. മേഘ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.
രണ്ട് മാസത്തെ പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. കഴുത്തിന് താഴെ ശക്തമായ അടിയേറ്റതിനാൽ കൈകൾക്ക് ബലക്കുറവുണ്ട്. അതിനാൽ തന്നെ വാഹനം ഓടിക്കരുതെന്നും പൂർണ്ണ വിശ്രമം വേണമെന്നുമാണ് ഡോക്ടർമാർ പറയുന്നത്. ഒൻപത് മാസം മുൻപ് 25 ലക്ഷം വായ്പ എടുത്ത് മേഘ തുടങ്ങിയ ബ്യൂട്ടി സലൂണിന്റെ പ്രവർത്തനവും വഴിമുട്ടി നിൽക്കുകയാണ്. ബ്യൂട്ടി സലൂണിലെ എല്ലാ പണിയും കൈകൾകൊണ്ട് ചെയ്യേണ്ടത് തന്നെ. തന്റെ കൈകൾക്ക് ബലക്കുറവുള്ളതിനാൽ ഇനി എന്ത് ചെയ്യും എന്ന് കണ്ണീരോടെ ചോദിക്കുകയാണ് മേഘ.
ലാത്തി കൊണ്ടുള്ള അടിയിൽ കഴുത്തിലെ അസ്ഥികൾ തെന്നിമാറി. ഞരമ്പിന് ക്ഷതമേറ്റു. നിവർന്നിരിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. അഞ്ചാം ക്ലാസുകാരിയായ മകളാണ് മേഘയ്ക്ക് ഉള്ളത്. അമ്മ വീട്ടിൽ ഇല്ലാത്തതിനാൽ മകളുടെ പഠനത്തെയും കാര്യമായി ബാധിച്ചു. ജീവിതം ഇനി എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയാത്ത അവസ്ഥയാണ് മേഘ. കഴുത്തിലെ പരിക്ക് മാറാൻ മാസങ്ങളെടുക്കും എന്നാണ് ഡോക്ടർമാർ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്