കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമാധാനപരമായ പ്രതിഷേധങ്ങളെ പിന്തുണച്ചു എന്ന കാരണത്താല്‍ രണ്ട് സന്നദ്ധ സംഘടനകളുടെ വിദേശ സംഭാവന നിയന്ത്രണച്ചട്ട പ്രകാരമുള്ള രജിസ്ട്രേഷന്‍ പുതുക്കി നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. കോട്ടയം ആസ്ഥാനമായുള്ള കേരള സോഷ്യല്‍ സര്‍വീസ് ഫോറം, എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സേവ് എ ഫാമിലി പ്ലാന്‍ ഇന്ത്യ എന്നീ എന്‍.ജി.ഒകള്‍ നല്‍കിയ ഹര്‍ജികളിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ നിര്‍ണ്ണായക ഉത്തരവ്.
രാജ്യത്ത് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്നതാണെന്നും അതിനെ പിന്തുണയ്ക്കുന്നത് നിയമ വിരുദ്ധമല്ലെന്നും കോടതി നിരീക്ഷിച്ചു. അനഭിലഷണീയമായ കാര്യങ്ങള്‍ക്ക് വിദേശ ഫണ്ട് ഉപയോഗിക്കരുതെന്ന് എഫ്.സി.ആര്‍.എ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും സര്‍ക്കാരിനോ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കോ അനഭിമതമായതിനെയെല്ലാം നിയമ വിരുദ്ധമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പ്രതിഷേധങ്ങളോടുള്ള ഭരണകൂടത്തിന്റെ അതൃപ്തിയോ വിയോജിപ്പോ, ഭരണഘടനാപരമായ ഒരവകാശത്തെ ഇല്ലാതാക്കുന്നില്ല. പ്രതിഷേധക്കാര്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്ന് കരുതിയാല്‍പ്പോലും അത് പൊതുതാത്പര്യത്തിന് എതിരായ വിദേശ ഫണ്ട് വിനിയോഗമായി കാണാനാകില്ല. അതിനാല്‍ രജിസ്ട്രേഷന്‍ അപേക്ഷ നിരസിച്ചത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, മൂന്ന് മാസത്തിനകം അപേക്ഷകളില്‍ പുതിയ ഉത്തരവിറക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിലെ എഫ്.സി.ആര്‍.എ ഡിവിഷനോട് നിര്‍ദേശിച്ചു.
വിദേശ സംഭാവന വിനിയോഗത്തില്‍ ഹര്‍ജിക്കാര്‍ ഗുരുതരമായ നിയമലംഘനം നടത്തിയതായി രേഖകളില്‍ വ്യക്തമല്ലെന്ന് നിരീക്ഷിച്ച കോടതി, പുതിയ ഉത്തരവ് വരുന്നത് വരെ ബാങ്ക് അക്കൗണ്ടിലുള്ള തുക ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ കാലയളവില്‍ പുതിയ വിദേശ സംഭാവനകള്‍ സ്വീകരിക്കാന്‍ പാടില്ല. അതേസമയം പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ക്കിടയിലും എഫ്.സി.ആര്‍.എ ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിച്ച പ്രമേയത്തിലൂടെയാണ് ജെ.പി.സി രൂപവത്കരണത്തിന് അംഗീകാരം നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
