തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം കുറിച്ച് വി.ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍, അത് പറവൂര്‍ മണ്ഡലത്തിനും ചരിത്രപരമായ ഒരു പുനരാവര്‍ത്തനമാകുന്നു.
പറവൂരില്‍ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയല്ല വി.ഡി സതീശന്‍ എന്നതാണ് യഥാര്‍ത്ഥ ചരിത്രം. 75 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരാള്‍ സംസ്ഥാനത്തിന്റെ അമരത്ത് എത്തിയിട്ടുണ്ട്. പറവൂര്‍ ടി.കെ എന്ന ആദ്യ മുഖ്യമന്ത്രി. വര്‍ഷം 1949. ഐക്യകേരളം രൂപപ്പെടുന്നതിനും മുന്‍പുള്ള കാലഘട്ടം. അന്നത്തെ തിരു-കൊച്ചി സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി അധികാരമേറ്റത് 'പറവൂര്‍ ടി.കെ' എന്നറിയപ്പെട്ടിരുന്ന ടി.കെ നാരായണപിള്ളയായിരുന്നു.
ഏഴര പതിറ്റാണ്ടിപ്പുറം അതേ പറവൂരിന്റെ മണ്ണില്‍ നിന്ന് ജയിച്ചുകയറിയ മറ്റൊരു ജനനായകന്‍ കൂടി മുഖ്യമന്ത്രിപ്പട്ടത്തിലേക്ക് എത്തുമ്പോള്‍ ചരിത്രം അവിടെ സവിശേഷമായ ഒരു വൃത്തം പൂര്‍ത്തിയാക്കുകയാണ്. കൂടാതെ ധനകാര്യ വകുപ്പിലും ഉണ്ട് ഒരു പറവൂര്‍ കണക്ഷന്‍. വി.ഡി സതീശന്‍ മുഖ്യമന്ത്രിയാകുമ്പോള്‍ പ്രധാന വകുപ്പുകളിലൊന്നായ ധനകാര്യ വകുപ്പും അദ്ദേഹം കൈകാര്യം ചെയ്യുന്നു എന്നത് മറ്റൊരു കൗതുകമാണ്. 1970 ല്‍ പറവൂരില്‍ നിന്ന് നിയമസഭാംഗമായ കെ.ടി ജോര്‍ജ് സംസ്ഥാനത്തിന്റെ ധനകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പദവിക്ക് പുറമെ മറ്റ് ഉന്നത പദവികളും മുന്‍പ് പറവൂരിനെ തേടിയെത്തിയിട്ടുണ്ട്. 1982 ലെ കെ. കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് സ്പീക്കറായിരുന്ന എ.സി ജോസ് പറവൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായിരുന്നു. മുന്‍ കാലങ്ങളില്‍ പല അര്‍ഹിച്ച പദവികളും കൈവെള്ളയില്‍ നിന്ന് വഴുതിപ്പോയ ചരിത്രമുണ്ട് വി.ഡി. സതീശന്. എന്നാല്‍ എല്ലാ കാത്തിരിപ്പുകള്‍ക്കും ഒടുവില്‍ അദ്ദേഹം സംസ്ഥാനത്തിന്റെ ഒന്നാം നമ്പര്‍ ഔദ്യോഗിക വാഹനത്തിലേക്ക് കയറുമ്പോള്‍, പറവൂരിനെ കാത്തുനിന്നത് മറ്റൊന്നുമല്ല, വിസ്മരിക്കാനാകാത്ത രാഷ്ട്രീയ ചരിത്രം തന്നെയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
