തിരുവനന്തപുരം: പിണറായി വിജയനെ ക്ലിഫ് ഹൗസിലെത്തിച്ച പാര്‍ട്ടി സെക്രട്ടറിയുടെ കാറിന് നാടൊട്ടുക്ക് ഗതാഗത നിയമലംഘനത്തിന് പിഴ. കെ.എല്‍.01 സി.ആര്‍. 4291 ഇന്നോവ ക്രിസ്റ്റയ്ക്ക് 2023-ന് ശേഷം സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 18 തവണ പിഴ ചുമത്തിയിട്ടുണ്ട്. അതേസമയം ഇതില്‍ ഒന്നുപോലും അടച്ചിട്ടില്ല.
13,750 രൂപയാണ് വിവിധ കേസുകളിലായി പിഴ ചുമത്തിയിട്ടുള്ളത്. നിശ്ചിത സമയത്തിനുള്ളില്‍ പിഴ അടയ്ക്കാത്തതിനാല്‍ രണ്ട് കേസുകള്‍ കോടതിക്ക് കൈമാറി. പിഴ കുടിശിക തീര്‍പ്പാക്കാന്‍ സ്വന്തം സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവും പാര്‍ട്ടി വിനിയോഗിച്ചിട്ടില്ല. മുന്‍സീറ്റ് യാത്രികന്‍ സീറ്റ്ബെല്‍റ്റ് ഉപയോഗിക്കാത്തതിനാണ് ഈ വാഹനം എ.ഐ ക്യാമറയ്ക്ക് മുന്നില്‍ കൂടുതല്‍ കുടുങ്ങിയിട്ടുള്ളത്. ഇതിന് 12 തവണയാണ് 500 രൂപവീതം ഗതാഗതവകുപ്പ് പിഴ ചുമത്തിയത്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സീറ്റ്ബെല്‍റ്റ് ധരിക്കാതെ കാറിന്റെ മുന്‍സീറ്റില്‍ ഇരിക്കുന്ന ചിത്രവും ഗതാഗത വകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
അമിത ശബ്ദമുണ്ടാക്കും വിധം നാല് ഹോണുകള്‍ ഘടിപ്പിച്ചതിന് 2023-ല്‍ മോട്ടോര്‍ വാഹന വകുപ്പും കേസെടുത്തിട്ടുണ്ട്. ഇതുവരെയും ഈ ഹോണുകള്‍ നീക്കം ചെയ്തിട്ടില്ല. ശബ്ദ മലിനീകരണത്തിന് കേസെടുത്തിട്ടുണ്ടെങ്കിലും ഇവ നീക്കം ചെയ്യാന്‍ മോട്ടോര്‍വാഹന വകുപ്പ് രേഖാമൂലം നിര്‍ദേശം നല്‍കിയിട്ടില്ല.
ചില്ലുകളില്‍ കാഴ്ച മറയ്ക്കുംവിധം കട്ടികൂടിയ കറുത്തഫിലിം പതിച്ചതിനും സിഗ്നല്‍ ലംഘിച്ചതിനും കേസുണ്ട്. 2025 ജനുവരിയില്‍ കോവളം-കാരോട് ദേശീയപാതയില്‍ യു.എസ്.ടി ജങ്ഷന് സമീപം 120 കിലോമീറ്റര്‍ വേഗത്തില്‍ പോയതിനും പിഴ ചുമത്തിയിട്ടുണ്ട്. അപകടകരമായ ഡ്രൈവിങ്ങിനാണ് കേസ്. കൂടാതെ 2025 ഓഗസ്റ്റില്‍ കിളിമാനൂര്‍-കൊട്ടാരക്കര റോഡില്‍ അമിതവേഗത്തില്‍ പാഞ്ഞതിനും കേസുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
