കൊച്ചി: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി, തന്റെ രോഗകാല അനുഭവങ്ങളും ഡോക്ടർമാരുടെ പരിചരണവും പങ്കുവെച്ചു. കൈരളിയുടെ ഡോക്ടേഴ്‌സ് പുരസ്‌കാര വേദിയിൽ സംസാരിക്കവെയായിരുന്നു നടന്റെ പ്രതികരണം.
തന്റെ രോഗത്തിന്റെ ഗൗരവത്തെക്കുറിച്ച് ഡോക്ടർമാർ ഒരിക്കലും ഭയപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചിട്ടില്ലെന്നും രോഗത്തിന്റെ വലുപ്പം തന്നോട് പറഞ്ഞിരുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു.
"ഞാൻ കുറേക്കാലത്തേക്ക് ഒരു രോഗിയായിരുന്നു. ഇപ്പോൾ രോഗമുക്തനാണെന്നാണ് എന്റെ വിശ്വാസം. ആ സമയത്ത് ഡോക്ടർമാരും നഴ്‌സുമാരും നൽകിയ പരിചരണം ഇന്നും ഓർക്കുന്നുണ്ട്. അത് ഞാൻ ഒരു പ്രമുഖനായതുകൊണ്ടു മാത്രമല്ല. രോഗത്തിന്റെ വലുപ്പം അവർ എന്നോട് പറഞ്ഞിരുന്നില്ല. അത്ര വലിയ പ്രശ്നമായിരുന്നില്ലെന്നാണ് പിന്നീട് എനിക്ക് തോന്നിയത്," അദ്ദേഹം പറഞ്ഞു.
ഗുരുതരമായ അസുഖം ബാധിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക സമ്മർദം വളരെ വലുതാണെന്നും എന്നാൽ ഒരു ഡോക്ടറും തന്നെ ഒരിക്കലും നെഗറ്റീവായി സംസാരിച്ചിട്ടില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി.
"അസുഖത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ പേടി തോന്നാം. പക്ഷേ ഒരു ഡോക്ടറും എന്നെ ഭയപ്പെടുത്തുന്ന രീതിയിൽ ഒന്നും പറഞ്ഞിട്ടില്ല. ഒരു രോഗിയെന്ന നിലയിൽ ഞാൻ പറയുന്നതാണ് ഇത്," അദ്ദേഹം കൂട്ടിച്ചേർത്തു. ഡോക്ടർമാരെ ദൈവത്തിന് ഏറ്റവും അടുത്തുനിൽക്കുന്നവരായാണ് സമൂഹം കാണുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
"രോഗത്തിന്റെ അവസാനഘട്ടത്തിൽ ഡോക്ടർമാർ പോലും പ്രാർഥിക്കാൻ പറയുമ്പോൾ, ഡോക്ടറിന് ശേഷമാണ് നമ്മൾ ദൈവത്തെ പ്രതിഷ്ഠിക്കുന്നത്. അതുകൊണ്ട് ഡോക്ടർമാർക്ക് നൽകുന്ന പുരസ്‌കാരം ഒരു അവാർഡായി മാത്രം കാണാനാവില്ല. കാണപ്പെടുന്ന ദൈവങ്ങൾക്കുള്ള ഒരു നിവേദ്യമോ പ്രാർഥനയോ പോലെയാണ് ഞാൻ അതിനെ കാണുന്നത്," മമ്മൂട്ടി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
