ഡൽഹി: കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറി പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു. നിലവിൽ റെയിൽവേക്ക് പുതിയ കോച്ച് നിർമാണ യൂണിറ്റുകളുടെ ആവശ്യമില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ അറിയിച്ചു. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു മന്ത്രിയുടെ വിശദീകരണം.
റെയിൽവേയ്ക്ക് കീഴിലുള്ള നിലവിലെ കോച്ച് നിർമാണ യൂണിറ്റുകൾ രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതിക്കായി കേരള സർക്കാർ ഏറ്റെടുത്ത് റെയിൽവേയ്ക്ക് കൈമാറിയ 228 ഏക്കർ ഭൂമി ഭാവിയിലെ റെയിൽവേ വികസനത്തിനും പ്രവർത്തന ആവശ്യങ്ങൾക്കും വേണ്ടി സംരക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
"ലോക്കോമോട്ടീവുകൾ, യാത്രാ-ചരക്ക് കോച്ചുകൾ, മറ്റ് റോളിംഗ് സ്റ്റോക്ക് എന്നിവയുടെ ആവശ്യകത കണക്കിലെടുത്താണ് പുതിയ നിർമാണ യൂണിറ്റുകൾ സ്ഥാപിക്കാറുള്ളത്. നിലവിലുള്ള ഉൽപാദന കേന്ദ്രങ്ങളിൽ നിന്ന് ആവശ്യത്തിന് റോളിംഗ് സ്റ്റോക്ക് ലഭിക്കുന്ന സാഹചര്യത്തിൽ പുതിയ കോച്ച് ഫാക്ടറിയുടെ ആവശ്യമില്ല. കേരളത്തിൽ ഇതിനായി ഏറ്റെടുത്ത ഭൂമി റെയിൽവേയുടെ പ്രവർത്തന ആവശ്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കും," അശ്വിനി വൈഷ്ണവ് പറഞ്ഞു.
2008-09 ലെ റെയിൽവേ ബജറ്റിലാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാരുമായി ചേർന്നുള്ള സംയുക്ത സംരംഭമായും പൊതുമേഖല-സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിലുമായാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. 2012-ൽ പദ്ധതിക്ക് തറക്കല്ലിട്ടിരുന്നു.
പദ്ധതിക്കായി ഏകദേശം 39 കോടി രൂപ ചെലവഴിച്ചാണ് കേരള സർക്കാർ ഭൂമി ഏറ്റെടുത്ത് റെയിൽവേയ്ക്ക് കൈമാറിയത്. എന്നാൽ നിലവിലുള്ള നിർമാണ യൂണിറ്റുകളിൽ നിന്ന് ആവശ്യമായ റോളിംഗ് സ്റ്റോക്ക് ലഭിക്കുന്ന സാഹചര്യത്തിൽ പുതിയ ഫാക്ടറി സ്ഥാപിക്കേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
പരമ്പരാഗത റെയിൽ കോച്ചുകളിൽ നിന്ന് വ്യത്യസ്തമായി വന്ദേ ഭാരത് ട്രെയിനുകളിൽ ഉപയോഗിക്കുന്ന ആധുനിക കോച്ചുകളാണ് ഇപ്പോൾ നിർമ്മിക്കുന്നത്. ഇത്തരം കോച്ചുകൾ നിർമിക്കാനുള്ള സൗകര്യങ്ങൾ പേരമ്പൂർ ഉൾപ്പെടെയുള്ള നിലവിലെ റെയിൽവേ നിർമാണ കേന്ദ്രങ്ങളിൽ ലഭ്യമാണെന്നും അതിനാൽ പുതിയ നിർമാണ യൂണിറ്റുകൾ സ്ഥാപിക്കേണ്ട സാഹചര്യമില്ലെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
