തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് മിൽമയ്‌ക്കെതിരെ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മിൽമയുടെ ഉൽപ്പന്നങ്ങളിൽ യാതൊരു കൃത്രിമവും നടന്നിട്ടില്ലെന്നും ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കി. മിൽമയുടെ നെയ്യ് വേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരിക്കലും അറിയിച്ചിട്ടില്ലെന്നും, പുറത്ത് നിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്നാണ് ബോർഡ് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേറ്റ് ലാബിൽ ഗുണനിലവാര പരിശോധന പൂർത്തിയാക്കിയ ശേഷമാണ് ശബരിമലയിലേക്ക് നെയ്യ് വിതരണം ചെയ്തതെന്ന് കെ.എസ്. മണി വ്യക്തമാക്കി. ഗുണനിലവാരത്തിൽ വീഴ്ചയുണ്ടായതായി ദേവസ്വം ബോർഡ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അതിൽ മിൽമയ്ക്ക് യാതൊരു പങ്കുമില്ലെന്നും അമിതലാഭത്തിനായി മിൽമ ഒരിക്കലും കൃത്രിമം കാണിക്കില്ലെന്നും ചെയർമാൻ പറഞ്ഞു. ഇതര സംസ്ഥാനങ്ങളിലെ ഇടപാടുകാരാണോ സംഭവത്തിന് പിന്നിലെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. മിൽമയുടെ ലോഗോയോ എംബ്ലമോ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയാൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിലവിലുള്ള അന്വേഷണവുമായി മിൽമ പൂർണമായി സഹകരിക്കുമെന്നും, അന്വേഷണത്തിൽ മിൽമയിലെ ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും കെ.എസ്. മണി വ്യക്തമാക്കി.
വിവാദവുമായി ബന്ധപ്പെട്ട വാർത്തകൾ വ്യാപകമായി പ്രചരിച്ചിട്ടും ആരും ഔദ്യോഗികമായി വിശദീകരണം തേടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിവാദത്തിന് ശേഷവും മിൽമ നെയ്യുടെ വിൽപനയിൽ കുറവുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പത്തനംതിട്ടയിൽ നിന്ന് ശബരിമലയിലേക്ക് പോകുന്ന വഴിയാണ് നെയ്യ് മാറ്റിയതെങ്കിൽ പമ്പയിലെ പരിശോധനയിൽ അത് കണ്ടെത്തേണ്ടതായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. കൃത്രിമം നടന്നിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് ശബരിമല അധികൃതർ സമയബന്ധിതമായി മിൽമയെ അറിയിച്ചില്ലെന്നും ചെയർമാൻ ചോദിച്ചു. തിരുവനന്തപുരം യൂണിയൻ എം.ഡിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമാകും ആഭ്യന്തര അന്വേഷണം സംബന്ധിച്ച അന്തിമ തീരുമാനം സ്വീകരിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
