കൊച്ചി: തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി ആരംഭിച്ചതായി സിപിഐഎം നേതാവ് പി. ജയരാജൻ. ക്രിമിനൽ കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ പി. ജയരാജൻ ചേർത്തുപിടിച്ച് നിൽക്കുന്ന തരത്തിൽ എഐ ഉപയോഗിച്ച് നിർമിച്ച ചിത്രം പ്രചരിപ്പിച്ച സംഭവത്തിലാണ് നടപടി.
ആർഎസ്എസ് ആക്രമണത്തിൽ 27 വർഷം മുമ്പ് നഷ്ടപ്പെട്ട ഇടതുകൈയിലെ പെരുവിരൽ എഐ ഉപയോഗിച്ച് ചിത്രത്തിൽ തിരിച്ചെത്തിയതും വ്യാജപ്രചാരകരുടെ അബദ്ധമാണെന്ന് പി. ജയരാജൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ചൂണ്ടിക്കാട്ടി. തിരുവോണ നാളിൽ ആർഎസ്എസ് പ്രവർത്തകർ നടത്തിയ ആക്രമണത്തിലാണ് തന്റെ കൈയിലെ പെരുവിരൽ നഷ്ടപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
“എഐ സർജറിയിലൂടെ നഷ്ടപ്പെട്ട വിരൽ അടക്കം ചിലർ ഇപ്പോൾ തിരിച്ചുനൽകിയിട്ടുണ്ട്” എന്ന പരിഹാസത്തോടെയാണ് പി. ജയരാജൻ വ്യാജചിത്രത്തെക്കുറിച്ച് പ്രതികരിച്ചത്. വ്യാജപ്രചാരണത്തിന് ഉപയോഗിച്ച ചിത്രവും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
പി. ജയരാജൻ പങ്കുവെച്ച സ്ക്രീൻഷോട്ടിൽ ‘ട്രിവാൻഡ്രം വൈബേ’ ഉൾപ്പെടെയുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്നാണ് ചിത്രം പ്രചരിപ്പിച്ചതെന്ന് വ്യക്തമാകുന്നുണ്ട്.
അർജുൻ ആയങ്കിയെ ക്രിമിനൽ ആക്കിയത് പി. ജയരാജനാണെന്ന് മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ് നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ സിപിഐഎം ഈ ആരോപണം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് തനിക്കെതിരായ വ്യാജപ്രചാരണത്തിൽ പി. ജയരാജൻ നേരിട്ട് നിയമനടപടിയിലേക്ക് നീങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
