ജമ്മു: പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനകളും ഇന്റലിജൻസ് ഏജൻസിയായ ഐ.എസ്.ഐയും (ISI) ജമ്മു കശ്മീരിലെ പുതിയ റിക്രൂട്ട്മെന്റുകൾക്കും രഹസ്യ ആശയവിനിമയങ്ങൾക്കുമായി പോൺ സൈറ്റുകളും പ്രത്യേക ആപ്പുകളും ദുരുപയോഗം ചെയ്യുന്നതായി ഇന്ത്യൻ സുരക്ഷാ ഏജൻസിയുടെ കണ്ടെത്തൽ.
വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് മെസ്സഞ്ചർ, സിഗ്നൽ തുടങ്ങിയ പരമ്പരാഗത പ്ലാറ്റ്ഫോമുകളിലെ കടുത്ത നിരീക്ഷണം ഭയന്നാണ് ഭീകരർ ഈ പുതിയ വഴി തിരഞ്ഞെടുത്തത്. ആളുകളുമായി സൗഹൃദം സ്ഥാപിക്കാനും ഡേറ്റിംഗിനും സഹായിക്കുന്ന തരം ചാറ്റ് ഓപ്ഷനുകളുള്ള പോൺ സൈറ്റുകളാണ് യുവാക്കളെ സ്വാധീനിക്കാനും നിർദ്ദേശങ്ങൾ കൈമാറാനും ഭീകരർ ഉപയോഗിക്കുന്നത്.
ഉപയോക്താക്കളുടെ വിവരങ്ങൾ പൂർണ്ണമായും മറച്ചുവെക്കുന്ന ടോർ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന കോട്ടക്സ്, കോണിയൻ തുടങ്ങിയ ആപ്പുകൾ ഇവർ ഉപയോഗിക്കുന്നുണ്ട്. ഇതിൽ കോണിയൻ ആപ്പിന്റെ എ.പി.കെ ഫയൽ ഡൗൺലോഡ് ചെയ്യുന്നതിന് ഇന്ത്യയിൽ വിലക്കുണ്ട്.
സിം കാർഡോ ഫോൺ നമ്പറോ ആവശ്യമില്ലാത്ത ഫ്രഞ്ച് നിർമ്മിത ആപ്പുകളും, ചൈനീസ് ബന്ധം സംശയിക്കുന്നതും പി.ജി.പി എൻക്രിപ്ഷനിൽ പ്രവർത്തിക്കുന്നതുമായ 'മൂൺചാറ്റ്' പോലുള്ള ആപ്പുകളും ഇവരുടെ ശൃംഖലയിലുണ്ട്. ഇന്ത്യയിൽ നിരോധിച്ച ഇത്തരം പ്ലാറ്റ്ഫോമുകൾ വി.പി.എൻ ഉപയോഗിച്ചാണ് ഇവർ ഫോണുകളിൽ എത്തിക്കുന്നത്.
ആർ.എസ്.എ-2048 (RSA-2048) സുരക്ഷയിലുള്ള ഇത്തരം പല ആപ്പുകളും വേഗത കുറഞ്ഞ 2ജി (2G) അല്ലെങ്കിൽ എഡ്ജ് (EDGE) നെറ്റ്വർക്കുകളിലും സുഗമമായി പ്രവർത്തിക്കാൻ ശേഷിയുള്ളതാണ്. വിദേശത്ത് ഉത്പാദിപ്പിക്കുന്ന വെർച്വൽ സിമ്മുകൾ വഴിയാണ് നമ്പർ ഇല്ലാതെ ഇന്റർനെറ്റ് അക്കൗണ്ടുകൾ ഉണ്ടാക്കുന്നത്. 2019-ലെ പുൽവാമ ഭീകരാക്രമണ കേസിലാണ് വെർച്വൽ സിമ്മുകളുടെ ഈ വൻ ദുരുപയോഗം എൻ.ഐ.എ (NIA) ആദ്യമായി കണ്ടെത്തുന്നത്. ഈ സാങ്കേതിക നീക്കങ്ങളെ ചെറുക്കുന്നതിനായി സുരക്ഷാ ഏജൻസികൾ തങ്ങളുടെ സൈബർ നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
