തിരുവനന്തപുരം: സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ പ്രത്യേക സ്റ്റിക്കർ പതിക്കാൻ തീരുമാനം. ഓർഡിനറിയും സിറ്റി ഫാസ്റ്റ് ബസുകളും ഒരേ നിറത്തിലുള്ളതിനാൽ യാത്രക്കാർക്ക് തിരിച്ചറിയാൻ സൗകര്യമൊരുക്കാനാണ് നടപടി.
സൗജന്യ യാത്ര ഓർഡിനറി സർവീസുകളിലാണ് അനുവദിക്കുക. സിറ്റി ഫാസ്റ്റ് ബസുകളിൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ സർക്കാർ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം.
തിങ്കളാഴ്ച രാവിലെ 8.30ന് തമ്പാനൂരിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്താണ് മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യുക. മന്ത്രിമാരായ കെ. മുരളീധരൻ, ബിന്ദു കൃഷ്ണ, തുളസി എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന പദ്ധതിക്ക് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. പ്രായപരിധിയോ വരുമാനപരിധിയോ ഇല്ലാതെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർമാർക്കും സൗജന്യ യാത്ര അനുവദിക്കുന്നതാണ് പദ്ധതിയുടെ പ്രത്യേകത.
സൗജന്യ യാത്ര മൂലം കെഎസ്ആർടിസിക്ക് പ്രതിവർഷം ഏകദേശം 800 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ തുക മുഴുവൻ സംസ്ഥാന സർക്കാർ നൽകും.
പദ്ധതിയുടെ ആദ്യഘട്ടം തിങ്കളാഴ്ച ആരംഭിക്കുമ്പോൾ, അടുത്ത ആറുമാസത്തിനകം കൂടുതൽ ബസുകൾ വാങ്ങുകയും സർവീസുകളുടെ എണ്ണം വർധിപ്പിക്കുകയും പരസ്യ വരുമാനം കൂട്ടുകയും ചെയ്ത് രണ്ടാംഘട്ടത്തിലേക്ക് കടക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഭാവിയിൽ ഫാസ്റ്റ് പാസഞ്ചർ, ടൗൺ-ടു-ടൗൺ, സിറ്റി ഫാസ്റ്റ് ഉൾപ്പെടെയുള്ള മറ്റ് സർവീസുകളിലേക്കും സൗജന്യ യാത്ര വ്യാപിപ്പിക്കാനുള്ള സാധ്യത സർക്കാർ പരിശോധിക്കുന്നുണ്ടെന്നാണ് സൂചന.
സൗജന്യ യാത്രാ പദ്ധതിയിലൂടെ സർക്കാരിന് പ്രതിമാസം 65 മുതൽ 70 കോടി രൂപ വരെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ ശമ്പളം, പെൻഷൻ തുടങ്ങിയ ആവശ്യങ്ങൾക്കായി കെഎസ്ആർടിസിക്ക് സർക്കാർ പ്രതിവർഷം ഏകദേശം 1,500 കോടി രൂപ സഹായമായി നൽകുന്നുണ്ട്. ഇതിന് പുറമെയാണ് പുതിയ പദ്ധതിയുടെ ചെലവും സർക്കാർ വഹിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
