തിരുവനന്തപുരം: സബ് ഇൻസ്‌പെക്ടർ (എസ്ഐ) നിയമനം റദ്ദാക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ നീക്കത്തിനെതിരെ പ്രതികരിച്ച് ബോഡി ബിൽഡിങ് താരം ഷിനു ചൊവ്വ. നിയമപരമായി നേടിയ നിയമനമാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നതെന്നും, ഇത് കായികതാരങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഷിനു ചൊവ്വ പറഞ്ഞു.
“ഇലയിട്ടിട്ട് ഊണില്ലെന്ന് പറയുന്ന അവസ്ഥയാണ്. നിയമപരമായ മാർഗങ്ങളിലൂടെ തന്നെ മുന്നോട്ട് പോകും. 69 മില്ലിസെക്കൻഡിന്റെ പേരിലാണ് എന്നെ വേട്ടയാടുന്നത്. കായികക്ഷമത പരീക്ഷയെക്കുറിച്ചുള്ള അറിയിപ്പ് പോലും നാല് ദിവസം മുൻപാണ് ലഭിച്ചത്,” എന്ന് അദ്ദേഹം പ്രതികരിച്ചു.
തന്റെ നിയമനം റദ്ദാക്കാൻ ചിലർ ആസൂത്രിതമായി ശ്രമിക്കുകയാണെന്നും, താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്നും ഷിനു ചൊവ്വ വ്യക്തമാക്കി. “എന്റെ യോഗ്യത ആർക്കും പരിശോധിക്കാം. മെഡിക്കൽ പരിശോധനയിലും പരാജയപ്പെടുത്താൻ ശ്രമമുണ്ടായെങ്കിലും അത് വിജയിച്ചില്ല. എനിക്കെതിരായ നീക്കങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണ്,” എന്നും അദ്ദേഹം ആരോപിച്ചു.
മുൻ സർക്കാരിന്റെ കാലത്ത് നിലവിലെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് ഷിനു ചൊവ്വയ്ക്ക് എസ്ഐ നിയമനം നൽകിയതെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആ നിയമനനടപടി റദ്ദാക്കാൻ ആഭ്യന്തര വകുപ്പ് നീക്കം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് പരിശീലനം താൽക്കാലികമായി നിർത്തിവയ്ക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയതായും, പരാതികളിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ഷിനു ചൊവ്വയ്ക്കും ചിത്തരേഷ് നടേശൻക്കും മുൻ സർക്കാർ കാലത്താണ് പൊലീസ് വകുപ്പിൽ നിയമനം നൽകിയത്. കായികക്ഷമതാ പരീക്ഷയിൽ ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലായിരുന്നു ഈ നിയമനങ്ങൾ വിവാദമായത്.
അതേസമയം, ബോഡി ബിൽഡിങ് താരങ്ങളുടെ കാര്യത്തിൽ പ്രത്യേക സാഹചര്യങ്ങൾ പരിഗണിക്കാമെന്നും, ബോഡി ബിൽഡർമാർക്ക് ഓട്ടപരീക്ഷ നിർബന്ധമല്ലെന്നുമായിരുന്നു എഡിജിപി എസ്. ശ്രീജിത്ത് മുൻപ് വ്യക്തമാക്കിയിരുന്നത്.
മറുവശത്ത്, പൊലീസ് നിയമനത്തിനായുള്ള കായികക്ഷമതാ പരീക്ഷ സുതാര്യമായിരുന്നില്ലെന്നും, ചില ഉദ്യോഗസ്ഥർ മനഃപൂർവം തന്നെ പരാജയപ്പെടുത്തിയെന്നുമാണ് ഷിനു ചൊവ്വയുടെ പരാതി. പരീക്ഷ നീതിപൂർവമായും സുതാര്യമായും നടത്തണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചിരുന്നു.
ഇതിനിടെ, നിയമനവുമായി ബന്ധപ്പെട്ട പരാതികളിൽ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ തീരുമാനിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
