കാണ്‍പൂര്‍: പതിനാറ് രൂപയ്ക്ക് തുണിത്തരങ്ങള്‍ ലഭിക്കുമെന്ന പ്രത്യേക ഓഫറിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ അര്‍ധരാത്രി വന്‍ ജനക്കൂട്ടം തടിച്ചുകൂടുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പോലീസ് ലാത്തിവീശുകയും ചെയ്തു. അന്‍വാര്‍ഗഞ്ച് മേഖലയിലെ ആലം മാര്‍ക്കറ്റിലുള്ള ആലം മാര്‍ട്ട് എന്ന തുണിക്കടയ്ക്ക് മുന്നിലാണ് ഓഗസ്റ്റ് 15-ന് രാത്രി പേടിപ്പെടുത്തുന്ന രീതിയില്‍ ആയിരക്കണക്കിനാളുകള്‍ തടിച്ചുകൂടിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാതെ വന്നതോടെ റോഡ് ഗതാഗതവും തടസ്സപ്പെടുകയായിരുന്നു.
കടയുടമയായ റായിസ് ആലം തന്റെ ജന്മദിനത്തോടനുബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പ്രത്യേക ഓഫറാണ് എല്ലാത്തിനും തുടക്കമിട്ടത്. ഓഗസ്റ്റ് 16-ന് പുലര്‍ച്ചെയെത്തുന്ന ആദ്യ 16 മിനിറ്റിനകം കടയിലെ ഏത് തുണിത്തരവും കേവലം 16 രൂപയ്ക്ക് സ്വന്തമാക്കാമെന്നായിരുന്നു പ്രചരിച്ച വാഗ്ദാനം. ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും ഈ ഓഫര്‍ വൈറലായതോടെ, ഓഗസ്റ്റ് 15 രാത്രി 11 മണിയോടെ തന്നെ ആളുകള്‍ കടയ്ക്ക് മുന്നിലേക്ക് പാഞ്ഞെത്തുകയായിരുന്നു.
സമയം അടുത്തതോടെ കടയ്ക്ക് മുന്നിലെ തിക്കും തിരക്കും വര്‍ധിക്കുകയും തുണി വാങ്ങാനെത്തിയവരും ജീവനക്കാരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടാകുകയും ചെയ്തു. സ്ഥിതിഗതികള്‍ വഷളായതിനെത്തുടര്‍ന്ന് സമീപത്തെ സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് ലാത്തിവീശിയാണ് പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ട് രംഗം ശാന്തമാക്കിയത്.
സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണമാണ് ഇത്രയും വലിയ അടിയന്തര സാഹചര്യത്തിന് കാരണമായതെന്ന് അന്‍വാര്‍ഗഞ്ച് എസിപി മഞ്ജയ് സിങ് പറഞ്ഞു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും സുരക്ഷാ ഭീഷണി ഉയര്‍ത്തുകയും ചെയ്ത സംഭവത്തില്‍ കടയുടമകളായ മൊഹമ്മദ് ആലം, റയിസ് ആലം, സല്‍മാന്‍ ആലം എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ സല്‍മാനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും മറ്റു രണ്ടുപേര്‍ നിലവില്‍ ഒളിവിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
