ന്യൂഡല്‍ഹി: ദേശീയ പാതയോരത്തെ കെട്ടിട നിര്‍മാണത്തിനുള്ള ദൂരപരിധി പുതുക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്മേല്‍ മറുപടി നല്‍കാതെ കേരളം. കേസ് തിങ്കളാഴ്ച വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തത്. ഉത്തരവ് നടപ്പാക്കിയ വിവരമറിയിച്ചില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും എതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
രാജ്യത്തെ വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് സുപ്രധാന വിധി വന്നത്. ദേശീയ പാതയുടെ മധ്യരേഖയില്‍ നിന്ന് 40 മീറ്റര്‍ ചുറ്റളവില്‍ വീടുകള്‍ക്കും 75 മീറ്റര്‍ ചുറ്റളവില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്കും പുതുതായി നിര്‍മാണാനുമതി നല്‍കരുതെന്നായിരുന്നു 2026 ഏപ്രില്‍ 13 ലെ ഉത്തരവ്. കൂടാതെ പാതയോരങ്ങളിലെ കൈയേറ്റങ്ങള്‍ നീക്കാനും വാണിജ്യ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് തടയാനുമുള്ള നിര്‍ദേശങ്ങളും ഇതിലുണ്ടായിരുന്നു. വിധി വന്ന് രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ഉത്തരവ്.
എന്നാല്‍ ജൂലൈ 13 ന് കേസ് പരിഗണിച്ചപ്പോള്‍ ബിഹാര്‍, കര്‍ണാടക, പുതുച്ചേരി എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ മാത്രമാണ് മറുപടി നല്‍കിയത്. തുടര്‍ന്ന് ഉത്തരവിന്റെ പകര്‍പ്പ് ജൂലൈ 15 ന് സുപ്രീം കോടതി രജിസ്ട്രി വീണ്ടും കേരളത്തിലെ ചീഫ് സെക്രട്ടറിക്കും പോലീസ് മേധാവിക്കും കൈമാറുകയായിരുന്നു. ഓഗസ്റ്റ് 17 ന് കേസ് വീണ്ടും പരിഗണിക്കുമ്പോഴെങ്കിലും മറുപടി നല്‍കണമെന്നായിരുന്നു മുന്നറിയിപ്പോടെയുള്ള നിര്‍ദേശം.
കേരളത്തിന് പുറമെ തമിഴ്നാട്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മിസോറം എന്നീ സംസ്ഥാനങ്ങളും ഏതാനും കേന്ദ്രഭരണ പ്രദേശങ്ങളും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുണ്ട്. ദേശീയപാത അതോറിറ്റി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കേന്ദ്ര ആഭ്യന്തര, ഗതാഗത മന്ത്രാലയങ്ങളും നടപടി വ്യക്തമാക്കിയിട്ടില്ല. അതേസമയം, കേരളം റിപ്പോര്‍ട്ടിന്റെ കരട് തയ്യാറാക്കിയിട്ടുണ്ടെന്നും തിങ്കളാഴ്ച നേരിട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണ് സാധ്യതയെന്നുമാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
