കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ വധക്കേസിൽ വിചാരണ കോടതി മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം വീണ്ടും തള്ളി. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി നിരസിച്ചത്. അഡീഷണൽ സെഷൻസ് കോടതി–3ൽ നിന്ന് കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.
ഇതിന് മുമ്പും സമാന ഹർജി പ്രതിഭാഗം നൽകിയിരുന്നെങ്കിലും ആവശ്യമായ സത്യവാങ്മൂലം സമർപ്പിക്കാത്തതിനെ തുടർന്ന് കോടതി അത് തള്ളിയിരുന്നു. തുടർന്ന് വീണ്ടും സമർപ്പിച്ച ഹർജിയിലും പ്രതികൾക്ക് അനുകൂല തീരുമാനം ലഭിച്ചില്ല.
അഡീഷണൽ സെഷൻസ് കോടതി–3യിലെ ജഡ്ജി വിചാരണ നടപടികൾ നിഷ്പക്ഷമായല്ല നടത്തുന്നതെന്ന ആരോപണമാണ് പ്രതിഭാഗം ഉന്നയിച്ചിരുന്നത്. എന്നാൽ ഈ വാദം അംഗീകരിക്കാൻ കോടതി തയ്യാറായില്ല.
കോടതി മാറ്റണമെന്ന ആവശ്യം ഉയർന്നതിന് പിന്നാലെ കേസിലെ 17 പ്രതികളുടെയും ജാമ്യം റദ്ദാക്കുന്ന നടപടികളിലേക്ക് വിചാരണക്കോടതി കടന്നിരുന്നു. തുടർന്ന് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയും ജാമ്യം റദ്ദാക്കിയ നടപടി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.
വിചാരണയുടെ തുടക്കത്തിൽ ഒന്നാം സാക്ഷിയെ വിസ്തരിച്ചെങ്കിലും പിന്നീട് പ്രതിഭാഗം നടപടികളുമായി സഹകരിച്ചില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. ജഡ്ജി നേരിട്ട് നിലപാട് ആരാഞ്ഞപ്പോഴും അഭിഭാഷകരുടെ നിലപാടാണ് തങ്ങളുടേതെന്നും പറഞ്ഞ് പ്രതികൾ വിചാരണയിൽ നിന്ന് മാറിനിന്നതായി രേഖകളിലുണ്ട്.
വിചാരണ നടപടികളോട് സഹകരിക്കാത്ത സമീപനമാണ് ജാമ്യം റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് നയിച്ചതെന്നാണ് കോടതി വിലയിരുത്തിയത്. കോടതി മാറ്റണമെന്ന ഹർജി വീണ്ടും തള്ളപ്പെട്ടതോടെ കേസിന്റെ വിചാരണ നിലവിലെ കോടതിയിൽ തന്നെ തുടരുമെന്നത് വ്യക്തമായിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
