താമരശ്ശേരി: ഗുരുതരമായ പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ നിരന്തരമായ പരാതികളെ തുടർന്ന് താമരശേരിയിലെ 'ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്' അടച്ചുപൂട്ടാൻ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കർശന ഉത്തരവ്. കമ്പനിയുടെ എല്ലാവിധ പ്രവർത്തനങ്ങളും അടിയന്തരമായി നിർത്തിവെക്കാൻ ബോർഡ് ചെയർപേഴ്സൺ 2026 ആഗസ്റ്റ് 5ന് ഇറക്കിയ ക്ലോഷർ ഓർഡറിൽ നിർദേശിച്ചു.
മുൻപ് സമാനമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 1986ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഈ സ്ഥാപനത്തിൽ നിന്ന് പിഴ ഈടാക്കിയിരുന്നു. എന്നാൽ ഇതിന് ശേഷവും കമ്പനി മലിനീകരണം തുടരുകയായിരുന്നു.മലിനീകരണ പ്രശ്നങ്ങൾക്ക് യാതൊരുവിധ പരിഹാരവും കാണാത്തതിനാലും, ജനങ്ങളുടെ ബുദ്ധിമുട്ടുകൾ തുടരുന്നതിനാലുമാണ് ഇപ്പോൾ കർശന നടപടിയിലേക്ക് ബോർഡ് കടന്നത്.
1974ലെ ജല മലിനീകരണ (തടയലും നിയന്ത്രണവും) നിയമത്തിലെ സെക്ഷൻ 33A, 1981ലെ വായു മലിനീകരണ (തടയലും നിയന്ത്രണവും) നിയമത്തിലെ സെക്ഷൻ 31A എന്നീ വകുപ്പുകൾ പ്രകാരം ബോർഡിന് ലഭിച്ചിട്ടുള്ള പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ സ്ഥാപനം പൂർണമായും അടച്ചുപൂട്ടാൻ ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്.താമരശേരി കരിമ്പാലക്കുന്ന് അമ്പായത്തോട്ടിലെ സിൽവർ സാൻഡ് ക്രഷറിന് സമീപം പ്രവർത്തിക്കുന്ന യൂണിറ്റിനെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
