തിരുവനന്തപുരം: പബ്ലിക് സർവീസ് കമ്മീഷന്റെ (പിഎസ്‌സി) ആസൂത്രണ ബോർഡിലെ ഉന്നത തസ്തികയിലേക്കുള്ള പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര ക്രമക്കേട് നടന്നെന്ന പരാതിയിൽ അന്വേഷണം പ്രഖ്യാപിക്കാനൊരുങ്ങി പിഎസ്‌സി. വിഷയത്തിൽ ഇന്ന് ചേരുന്ന പിഎസ്‌സി യോഗം വിശദമായ ചർച്ച നടത്തും എന്നാണ് ലഭിക്കുന്ന വിവരം. വീഴ്ച സംബന്ധിച്ച് ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുമെന്നാണ് വിവരം. നിയമനം ലഭിച്ച ഉദ്യോഗാർഥിക്ക് നോട്ടീസ് നൽകുന്നതും പിഎസ്‌സിയുടെ പരിഗണനയിലുണ്ട്.
സംസ്ഥാന സർക്കാരിന് നേരിട്ട് നയപരമായ ഉപദേശം നൽകുന്ന ആസൂത്രണ ബോർഡിലെ ഒരു ഉന്നത തസ്തികയിലേക്കുള്ള നിയമനത്തിലാണ് ക്രമക്കേട് ആരോപണം ഉയർന്നിരിക്കുന്നത്. ഒരു ഒഴിവിലേക്ക് നടത്തിയ എഴുത്തുപരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് വെറും മൂന്ന് ആഴ്ചയ്ക്കുള്ളിൽ നിയമന ശുപാർശ നൽകിയതും വിവാദമായിട്ടുണ്ട്.
പരീക്ഷയെഴുതിയ നിരവധി ഉദ്യോഗാർഥികളുടെ 10 ഉത്തരങ്ങൾ പരിശോധിക്കുകയോ മാർക്ക് നൽകുകയോ ചെയ്തിട്ടില്ലെന്നാണ് പരാതി. മൂല്യനിർണയം നടത്താതെ വിട്ടുപോയ ഈ ചോദ്യങ്ങൾക്ക് ഇനി പ്രത്യേകമായി മാർക്ക് നൽകാനുള്ള സാധ്യതയും പിഎസ്‌സി പരിശോധിക്കുന്നുണ്ട്.
ഒറ്റ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാ ചീഫ്, പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ ചീഫ്, പെർസ്പെക്ടീവ് പ്ലാനിങ് ചീഫ് എന്നീ മൂന്ന് തസ്തികകളിലേക്കും റാങ്ക് പട്ടിക തയ്യാറാക്കിയത്. ഇതോടെ നിലവിലെ റാങ്ക് പട്ടിക മുഴുവൻ തിരുത്തേണ്ട സാഹചര്യം ഉണ്ടായേക്കും. ഇതിൽ രണ്ട് തസ്തികകളിലേക്കുള്ള നിയമനം ഇതിനകം പൂർത്തിയായിട്ടുണ്ട്.
അതേസമയം, മൂല്യനിർണയത്തിലെ ക്രമക്കേടിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലും ഇടപെട്ടിട്ടുണ്ട്. കേസിലെ അന്തിമ വിധിക്ക് വിധേയമായിരിക്കും നിയമനങ്ങളെന്ന് ട്രിബ്യൂണൽ വ്യക്തമാക്കിയിട്ടുണ്ട്.
ഉദ്യോഗാർഥികളുടെ പരാതിയനുസരിച്ച്, പരീക്ഷയിൽ 100 മാർക്കിന്റെ രണ്ട് പേപ്പറുകളാണ് ഉണ്ടായിരുന്നത്. രണ്ടാം പേപ്പറിൽ ആകെ 28 ചോദ്യങ്ങളുണ്ടായിരുന്നുവെങ്കിലും 9 മുതൽ 19 വരെയുള്ള ചോദ്യങ്ങൾക്ക് മാർക്ക് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഉത്തരക്കടലാസ് പരിശോധിച്ചപ്പോൾ കണ്ടെത്തി.
ഇതുവഴി 100ൽ 58 മാർക്കിനുള്ള ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെയാണ് റാങ്ക് പട്ടിക തയ്യാറാക്കി നിയമന നടപടികൾ പൂർത്തിയാക്കിയതെന്നാണ് ആരോപണം.
റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ എഴുത്തുപരീക്ഷയിലെയും അഭിമുഖത്തിലെയും വ്യക്തിഗത മാർക്കുകൾ ഉദ്യോഗാർഥികൾക്ക് ലഭ്യമാക്കിയില്ലെന്നും പരാതിയിലുണ്ട്.
ക്രമക്കേട് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ കൂടുതൽ ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. അന്വേഷണത്തിന്റെ ഫലമാണ് ഇനി ഈ നിയമനങ്ങളുടെ ഭാവി നിർണയിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
