തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുമെന്ന് സൂചന. കേസുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) തുടരന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
ദ്വാരപാലക ശിൽപ്പവുമായി ബന്ധപ്പെട്ട കേസിലും എസ്‌ഐടി അന്വേഷണം തുടരുകയാണ്. 2025ൽ സ്വർണപ്പാളികൾ കടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ടും പ്രത്യേക അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
കേസിന്റെ ഭാഗമായി മുൻ പ്രസിഡൻ്റ് പി.എസ്. പ്രശാന്തിനെയും അംഗങ്ങളായ അജികുമാർ, സന്തോഷ് എന്നിവരെയും ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം. 2025ൽ നടന്നതായി പറയുന്ന സംഭവങ്ങൾ 2019ലെ കേസിന്റെ തുടർച്ചയാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
അന്വേഷണത്തിന്റെ ഭാഗമായി ശബരിമലയിൽ നിന്ന് വീണ്ടും സാമ്പിളുകൾ ശേഖരിക്കാനും എസ്‌ഐടി തീരുമാനിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് സ്വർണപ്പാളികളിൽ നിന്ന് വീണ്ടും സാമ്പിൾ ശേഖരിക്കുന്നത്.
ഈ മാസം ശബരിമല നട മാസപൂജയ്ക്കായി തുറക്കുന്ന സമയത്തായിരിക്കും സാമ്പിളുകൾ ശേഖരിക്കുക. ശേഖരിക്കുന്ന സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ച് കേസിലെ നിർണായക വിവരങ്ങൾ കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.
തുടരന്വേഷണ നടപടികൾ പൂർത്തിയായ ശേഷമേ കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കാനാകൂ എന്നാണ് അന്വേഷണ വൃത്തങ്ങൾ നൽകുന്ന സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
