ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥരായ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കേസിലെ പ്രതികളായ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സംഘത്തിൽ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥരാണ് ഇവർ.
2023 ഡിസംബറിൽ നവകേരള യാത്ര ആലപ്പുഴയിലെത്തിയപ്പോൾ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്നാണ് കേസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ അന്ന് വ്യാപകമായി പ്രചരിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്ന് ഇറങ്ങിവന്ന സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ ആക്രമിച്ചതായി പരാതിയിൽ ആരോപിക്കുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നടപടിയുടെ ഭാഗമായാണ് സുരക്ഷാ ഉദ്യോഗസ്ഥർ പ്രവർത്തിച്ചതെന്നും അത് ഒരു "രക്ഷാപ്രവർത്തനം" മാത്രമാണെന്നുമായിരുന്നു അന്ന് പിണറായി വിജയന്റെ വിശദീകരണം.
സംഭവത്തിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന ആരോപണവുമായി കോൺഗ്രസും യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു. തുടർന്ന് മർദ്ദനമേറ്റതായി പരാതിപ്പെട്ട യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചു.
പരാതി പരിശോധിച്ച കോടതി നിർദേശത്തെ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിലാണ് ഇപ്പോൾ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
