തിരുവനന്തപുരം: കേരള സർക്കാരിന്റെ കെ സ്മാർട്ട് പദ്ധതിയിലൂടെ വിവാഹ ദിവസം തന്നെ വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ച വീഡിയോ പങ്കുവച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ഇത് അമേരിക്കയിലൊന്നുമല്ല നടക്കുന്നതെന്നും ഇങ്ങ് കാവശ്ശേരിയിലാണെന്നും ഇങ്ങനെയൊക്കെയാണ് കേരളം മാറിയതെന്നും എം.ബി. രാജേഷ് പറയുന്നു.
കാവശ്ശേരിയിൽ തിങ്കളാഴ്ച വിവാഹിതരായ ലാവണ്യയ്ക്കും വിഷ്ണുവിനും വിവാഹ ദിവസം തന്നെ കെ സ്മാർട്ട് വഴി വിവാഹ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു. അവധി ദിനമായിട്ടു കൂടി കാവശ്ശേരി പഞ്ചായത്ത് ജീവനക്കാർ തത്സമയം ഈ അപേക്ഷ അപ്രൂവ് ചെയ്തുവെന്നും മന്ത്രി കുറിക്കുന്നു.
മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്
ഒരു വിവാഹവേദിയിൽ ഇന്ന് നടന്നത് കാണൂ…
ഇത് അമേരിക്കയിലൊന്നുമല്ല, ഇങ്ങ് കാവശേരിയിലാണ്…
ഇങ്ങനെയൊക്കെയാണ് കേരളം മാറിയത്❤️
ദീപാവലി ദിവസമായ ഇന്നായിരുന്നു ലാവണ്യയുടെയും വിഷ്ണുവിന്റെയും വിവാഹം. വിവാഹം കഴിഞ്ഞയുടൻ തന്നെ കെ- സ്മാർട്ട് വഴി ഇരുവരും വിവാഹ രജിസ്ട്രേഷൻ അപേക്ഷ വീഡിയോ കെവൈസി വഴി പൂർത്തിയാക്കി. അവധിദിനമായിട്ട് പോലും കാവശ്ശേരി പഞ്ചായത്ത് ജീവനക്കാർ തത്സമയം ഈ അപേക്ഷ അപ്രൂവ് ചെയ്തു. മിനുട്ടുകൾക്കകം സർട്ടിഫിക്കറ്റ് വാട്ട്സാപ്പിലെത്തി. വധൂവരന്മാർക്കൊപ്പം ഫോട്ടോയെടുക്കാൻ പഞ്ചായത്ത് അംഗം ടി വേലായുധൻ എത്തിയപ്പോൾ നവദമ്പതികൾക്ക് പ്രിന്റ് ചെയ്ത സർട്ടിഫിക്കറ്റും കൈമാറി.
കെ സ്മാർട്ട് നിലവിൽ വന്ന ശേഷം നടന്ന 1,50,320 വിവാഹ രജിസ്ട്രേഷനിൽ 62,915 എണ്ണവും വീഡിയോ കെ വൈ സി വഴിയാണ് ചെയ്തത്. പഞ്ചായത്ത് ഓഫീസിൽ പോകാതെ വിവാഹം രജിസ്റ്റർ വീഡിയോ കെ വൈ സി വഴി വിവാഹം രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം വധൂവരന്മാരും, അവധി ദിനത്തിൽ പോലും എവിടെയിരുന്നും ഫയലുകൾ അപ്രൂവ് ചെയ്യാനുള്ള സംവിധാനം ജീവനക്കാരും വിനിയോഗിച്ചു. കാവശേരി പഞ്ചായത്തിലെ ഈ ജീവനക്കാർ എല്ലാവർക്കും മാതൃകയാണ്, അവരെ പ്രത്യേകം അഭിനന്ദിക്കുന്നു. കെ സ്മാർട്ട് എന്ന ഈ ഡിജിറ്റൽ വിപ്ലവം സാധ്യമാക്കിയ ഇൻഫർമേഷൻ കേരള മിഷന് പ്രത്യേക അഭിനന്ദനങ്ങൾ. ലാവണ്യയ്ക്കും വിഷ്ണുവിനും വിവാഹ മംഗളാശംസകൾ…
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്