പാറശ്ശാല: ലൈഫ് ഭവന പദ്ധതിയില്‍ മൂന്നാംഘട്ടം പണം അനുവദിക്കുന്നതിന് ഗുണഭോക്താവില്‍ നിന്ന് 2500 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറസ്റ്റില്‍. കാരോട് പഞ്ചായത്തിലെ എ സര്‍ക്കിള്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കൊല്ലം അയത്തില്‍ സ്വദേശി ടി.എസ് സന്ദീപി(49)നെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്.
2016-17ല്‍ കൊല്ലം ജില്ലയില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറായിരിക്കേ കൈക്കൂലി വാങ്ങവേ സന്ദീപിനെ വിജിലന്‍സ് പിടികൂടിയിരുന്നു. തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്ന സന്ദീപ്, സസ്പെന്‍ഷന്‍ കാലാവധിക്ക് ശേഷം തിരികെ ജോലിയില്‍ പ്രവേശിച്ചു. കൊല്ലം വിജിലന്‍സ് കോടതിയില്‍ ആദ്യ കേസ് നടക്കവേയാണ് ഇപ്പോള്‍ വീണ്ടും പിടിയിലാകുന്നത്.
പരാതിക്കാരന് മൂന്നാം ഗഡു പണം അനുവദിക്കാന്‍ സന്ദീപ് കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ആദ്യ ഗഡു അനുവദിച്ച സമയം സന്ദീപ് പരാതിക്കാരനില്‍ നിന്ന് 500 രൂപയും രണ്ടാം ഗഡു കൈമാറിയപ്പോള്‍ 1000 രൂപയും കൈക്കൂലിയായി വാങ്ങിയിരുന്നു. മൂന്നാം ഗഡുവായ രണ്ട് ലക്ഷം രൂപ അനുവദിക്കുന്നതിന് കാലതാമസമുണ്ടായപ്പോള്‍ പരാതിക്കാരന്‍ ഓഫീസിലെത്തി അന്വേഷിച്ചപ്പോഴാണ് 2500 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. മൂന്നാമതും പണം ആവശ്യപ്പെട്ടതോടെ വിജിലന്‍സ് വിഭാഗത്തെ അറിയിക്കുകയായിരുന്നു.
വിജിലന്‍സ് സംഘം രണ്ടാഴ്ചയോളം ഇയാളെ നിരീക്ഷിച്ച ശേഷം തിങ്കളാഴ്ച വൈകുന്നേരം നാലോടെ പ്രത്യേകം അടയാളപ്പെടുത്തിയ തുക പരാതിക്കാരന് നല്‍കുകയായിരുന്നു. ഓഫീസില്‍ െവച്ച് പരാതിക്കാരനില്‍ നിന്ന് പണം കൈപ്പറ്റിയ ഉടനെയാണ് മഫ്തിയിലെത്തിയ വിജിലന്‍സ് സംഘം സന്ദീപിനെ പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
