'മിടുക്കിയായി ഭരണം നടത്താൻ അപ്പന്റെ ദാഷ്ട്യം മാത്രം പോര'; പാലാ നഗരസഭ ചെയർപേഴ്സനെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയം

JULY 9, 2026, 7:11 AM

പാലാ: നഗരസഭാ ഭരണത്തിൽ ആറുമാസമായി കടുത്ത ഭരണസ്തംഭനമാണുണ്ടാകുന്നതെന്ന് ആരോപിച്ച് പാലാ നഗരസഭ ചെയർപേഴ്സനെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. ഭരണപരമായ പരിചയക്കുറവും ഏകപക്ഷീയമായ തീരുമാനങ്ങളുമാണ് നഗരസഭയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതെന്നാണ് എൽഡിഎഫ് കൗൺസിലർമാരുടെ ആരോപണം.

വിദ്യാഭ്യാസപരമായി മികവുണ്ടെങ്കിലും ഭരണപരമായ അനുഭവസമ്പത്ത് ചെയർപേഴ്സനില്ലെന്നാണ് കൗൺസിലർമാർ പറയുന്നത്. നല്ല ഭരണം കാഴ്ചവയ്ക്കാൻ അനുഭവവും കാര്യക്ഷമമായ നേതൃത്വവുമാണ് ആവശ്യമെന്നും, അത് വെറും കുടുംബപാരമ്പര്യം കൊണ്ട് മാത്രം സാധ്യമാകില്ലെന്നുമാണ് അവർ വിമർശിച്ചത്.

അവിശ്വാസ പ്രമേയ നോട്ടീസ് തുടർനടപടികൾക്കായി ജോയിന്റ് ഡയറക്ടർക്ക് കൈമാറിയതായി എൽഡിഎഫ് നേതാക്കൾ അറിയിച്ചു. ചട്ടപ്രകാരം 15 ദിവസത്തിനകം ഇതുസംബന്ധിച്ച നടപടികൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

vachakam
vachakam
vachakam

മഴക്കാലത്തിന് മുമ്പ് മറ്റ് നഗരസഭകൾ ഫണ്ട് വിനിയോഗിച്ച് ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയപ്പോൾ പാലാ നഗരസഭയിൽ ആവശ്യമായ മുൻകരുതൽ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് എൽഡിഎഫ് ആരോപിച്ചു. വികസന ഫണ്ട് വാർഡുകൾക്കായി അനുവദിക്കുന്നതിൽ കടുത്ത വിവേചനമാണ് നടക്കുന്നതെന്നും ചില വാർഡുകൾക്ക് രണ്ട് ലക്ഷം രൂപ മാത്രം അനുവദിക്കുമ്പോൾ മറ്റ് ചില വാർഡുകൾക്ക് അഞ്ച് മുതൽ ആറ് ലക്ഷം രൂപവരെ അനുവദിച്ച് പക്ഷപാതം കാണിക്കുന്നുവെന്നുമാണ് ആരോപണം.

നഗരസഭയിലെ പ്രധാനപ്പെട്ട ഔദ്യോഗിക ഫയലുകൾ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നതായും എൽഡിഎഫ് ചൂണ്ടിക്കാട്ടി. മുൻ ചെയർമാൻമാർക്കും മുതിർന്ന കൗൺസിൽ അംഗങ്ങൾക്കുപോലും നഗരസഭാ കാര്യങ്ങൾ സംബന്ധിച്ച് ചെയർപേഴ്സനുമായി കൂടിക്കാഴ്ച നടത്താനോ അഭിപ്രായം അറിയിക്കാനോ അവസരം ലഭിക്കുന്നില്ലെന്നും അവർ ആരോപിച്ചു.

മുൻ വർഷങ്ങളിൽ വേനൽക്കാലത്ത് എല്ലാ വാർഡുകളിലും കുടിവെള്ള വിതരണം കാര്യക്ഷമമായി നടന്നിരുന്നുവെന്നും, എന്നാൽ ഇപ്പോൾ കുടിവെള്ളവുമായി ബന്ധപ്പെട്ട പരാതികൾ ഉന്നയിക്കുമ്പോൾ തൃപ്തികരമായ പ്രതികരണം പോലും ലഭിക്കുന്നില്ലെന്നും എൽഡിഎഫ് കൗൺസിലർമാർ വിമർശിച്ചു.

vachakam
vachakam
vachakam

നഗരസഭയിൽ കൂടുതൽ അംഗബലമുള്ള മുന്നണിയായിരുന്നിട്ടും നിലവിലെ കുടുംബ മുന്നണിയുമായി ചേർന്ന് ഭരണം രൂപീകരിക്കാൻ എൽഡിഎഫ് തയ്യാറായില്ലെന്നും നേതാക്കൾ വ്യക്തമാക്കി. അത്തരമൊരു ഭരണസഖ്യം പാലായിലെ പൊതുസമൂഹത്തിന്റെ താൽപര്യത്തിന് ഗുണകരമാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷത്ത് തുടരാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു.

അധികാരം നേടുന്നതിനായി സ്വതന്ത്ര അംഗങ്ങളുടെയോ കുടുംബ മുന്നണിയുടെയോ പരസ്യ പിന്തുണ സ്വീകരിക്കില്ലെന്നും, വളഞ്ഞ വഴിയിലൂടെ ഭരണം പിടിക്കാനുള്ള ശ്രമം എൽഡിഎഫ് നടത്തില്ലെന്നും കൗൺസിലർമാർ വ്യക്തമാക്കി.

ഡിവൈഎഫ്ഐ സമ്മേളനവുമായി ബന്ധപ്പെട്ട തർക്കമാണ് അവിശ്വാസ പ്രമേയത്തിന് പിന്നിലെ കാരണമെന്ന പ്രചാരണം എൽഡിഎഫ് തള്ളി. സമ്മേളനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അടുത്തിടെയാണ് ഉണ്ടായതെന്നും, എന്നാൽ അതിന് മുമ്പേ തന്നെ നഗരസഭയിൽ ഭരണപരമായ പ്രതിസന്ധികളും കൗൺസിലർമാർ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും നിലനിന്നിരുന്നുവെന്നും അവർ പറഞ്ഞു.

vachakam
vachakam
vachakam

കൗൺസിൽ യോഗങ്ങളിൽ മുൻകൂർ അനുമതികൾ നൽകാൻ പോലും നിലവിലെ സാഹചര്യത്തിൽ ചെയർപേഴ്സന് കഴിയാത്ത അവസ്ഥയാണുള്ളതെന്നും, നഗരസഭയുടെ ഭരണസംവിധാനം പൂർണമായും സ്തംഭിച്ച പശ്ചാത്തലത്തിലാണ് പ്രതിപക്ഷമെന്ന നിലയിൽ ധാർമിക ഉത്തരവാദിത്തം നിർവഹിച്ച് അവിശ്വാസ പ്രമേയം സമർപ്പിച്ചതെന്നും എൽഡിഎഫ് നേതൃത്വം അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam