കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപ്പാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അഞ്ചുപേർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. കെഡാവർ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധന ഉൾപ്പെടെ വിപുലമായ രക്ഷാപ്രവർത്തനമാണ് ദുരന്തബാധിത മേഖലയിൽ തുടരുന്നത്.
രക്ഷാദൗത്യം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പ്രദേശം നാല് സെക്ടറുകളായി വിഭജിച്ചിട്ടുണ്ട്. എൻഡിആർഎഫ്, ആർആർഎഫ്, ഫയർഫോഴ്സ്, ലോക്കൽ പൊലീസ് എന്നിവരടങ്ങുന്ന 500-ലധികം പേരാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്. ഓരോ സെക്ടറിലും പ്രത്യേക സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം, കനത്ത മഴയും മലവെള്ളപ്പാച്ചിലും കോടമഞ്ഞും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉടൻ ദുരന്തബാധിത പ്രദേശം സന്ദർശിക്കുമെന്നാണ് വിവരം.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം സർക്കാർ പ്രഖ്യാപിച്ചു. ജാർഖണ്ഡ് സ്വദേശി ആൻമോൾ ദോദ്രായ്, ബീഹാർ സ്വദേശി ബികാഷ് കുമാർ സിംഗ്, മധ്യപ്രദേശ് സ്വദേശി ചന്ദ്രഭാൻ പാൽ എന്നിവരാണ് മരിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സർക്കാർ ചെലവിൽ മൃതദേഹങ്ങൾ സ്വദേശങ്ങളിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദുരന്തത്തിൽ പരിക്കേറ്റ ഹിര കുമാർ (32), ദിലീപ് കുമാർ (19), സൂരജ് യാദവ് (25), സഞ്ജയ് താക്കൂർ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാൽ (ജയ) (37), കുഞ്ചു (39), സന്തോഷ് കുമാർ എന്നിവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
