കൊച്ചി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടയാൾ അമ്പത് ലക്ഷം രൂപയുടെ സമ്മാനം അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് കൊച്ചി സ്വദേശിനിയിൽ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു.
സംഭവത്തിൽ എറണാകുളം ടൗൺ സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കടവന്ത്ര ഇളംകുളം സ്വദേശിനിയായ ഹന്നത്ത് ആമി (49) ആണ് തട്ടിപ്പിനിരയായത്.
മിച്ചിൽ പാട്രിക് എന്ന് പേരുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമയുമായി ഹന്നത്ത് ജൂൺ 15-നാണ് പരിചയപ്പെടുന്നത്. താൻ 50 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ അടങ്ങിയ ഒരു പാഴ്സൽ ഹന്നത്തിന് അയച്ചിട്ടുണ്ടെന്ന് ഇയാൾ ഇവരെ വിശ്വസിപ്പിച്ചു. തുടർന്ന്, ഈ പാഴ്സൽ കൈപ്പറ്റുന്നതിനായി 'കസ്റ്റംസ് ക്ലിയറൻസ് ഫീസ്' എന്ന പേരിലായി പലതവണ പണം ആവശ്യപ്പെടുകയായിരുന്നു.
ജൂൺ 22 മുതൽ വിവിധ ഘട്ടങ്ങളിലായി ആകെ 2,50,500 രൂപയാണ് ഹന്നത്ത് കൈമാറിയത്. തന്റെ കേരള ഗ്രാമീൺ ബാങ്ക് അക്കൗണ്ടിൽ നിന്നും കർണാടക സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അപ്പക്സ് ബാങ്കിലെ ദിനേഷ് പി എന്നയാളുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. പണം നൽകിയിട്ടും പാഴ്സൽ ലഭിക്കാതെ വന്നതോടെയാണ് താൻ ചതിക്കപ്പെട്ട വിവരം ഹന്നത്ത് തിരിച്ചറിഞ്ഞത്.
ജൂൺ 30-ന് ഹന്നത്ത് നേരിട്ടെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളായ 318(4), 316(2) എന്നിവയ്ക്കും, ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 66(D) പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
