തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കാലാവധി അവസാനിക്കാറായ സാഹചര്യത്തിൽ വിവിധ കോർപറേഷനുകളിലും ബോർഡുകളിലും സർക്കാർ- അർധ സർക്കാർ സ്ഥാപനങ്ങളിലും പിൻവാതിൽ വഴി നിയമനം നേടിയവരെ സ്ഥിരപ്പെടുത്താൻ സർക്കാർ തിരക്കിട്ട നീക്കങ്ങൾ നടത്തുന്നുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.
പി.എസ്.സിയെ നോക്കുകുത്തിയാക്കി പാർട്ടി ബന്ധുക്കൾക്കായി നടത്തുന്ന ഈ നീക്കങ്ങൾ കേരളത്തിലെ യോഗ്യരായ യുവജനങ്ങളെ വെല്ലുവിളിക്കുന്നതും ജനവഞ്ചനയുമാണെന്ന് ചെന്നിത്തല പറഞ്ഞു.പത്തു വർഷത്തെ ഭരണത്തിനിടെ ഭരണഘടനാവിരുദ്ധമായി രണ്ടു ലക്ഷത്തിലേറെ പിൻവാതിൽ നിയമനങ്ങളാണ് പിണറായി സർക്കാർ നടത്തിയതെന്നും ഇത് നാഷണൽ എംപ്‌ളോയ്‌മെന്റ് സർവീസിന്റെ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വൈദ്യുത മന്ത്രാലയത്തിന് കീഴിലുള്ള അനർട്ടിലെ നിയമനങ്ങളിൽ ഗുരുതരമായ ചട്ടലംഘനങ്ങളാണ് നടക്കുന്നതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണത്തിൽ പുറത്താക്കപ്പെട്ട മുൻ സി.ഇ.ഒയുടെ ശുപാർശ പരിഗണിച്ച് താൽക്കാലിക ജീവനക്കാരെ പദ്ധതി അവസാനിക്കുന്നത് വരെ നിലനിർത്താൻ സർക്കാർ ഉത്തരവിറക്കിയത് ഇതിന് തെളിവാണ്.
അനർട്ടിലെ നിയമനങ്ങളിൽ സ്റ്റാറ്റസ് കോ നിലനിർത്തണമെന്ന 2021-ലെ ഹൈക്കോടതി വിധി ലംഘിച്ചുകൊണ്ടാണ് നിലവിലെ കരാർ ജീവനക്കാർക്ക് വൻ ശമ്പളവർധനയോടെ കരാർ പുതുക്കി നൽകിയത്. കേരളത്തിൽ ഓരോ വർഷവും ഉണ്ടാകുന്ന ശരാശരി 33000 താൽക്കാലിക ഒഴിവുകളിൽ മൂന്നിലൊന്നിൽ മാത്രമാണ് എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടക്കുന്നത്. ബാക്കി വരുന്ന ഏകദേശം 22000 ഒഴിവുകൾ എല്ലാ വർഷവും സിപിഎം- ഡിവൈഎഫ്‌ഐ നേതാക്കളുടെ ബന്ധുക്കൾക്കായി വീതം വെച്ചു കൊടുക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
