തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ മുൻനിർത്തി പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന തങ്ങളുടെ ഉറച്ച ആവശ്യത്തിൽ വീണ്ടും ഊന്നി കേരളം. സംസ്ഥാനത്ത് സന്ദർശനത്തിനെത്തിയ ജലവിഭവ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുന്നിലാണ് കേരളത്തിന്റെ പ്രതിനിധികൾ ഈ ആവശ്യം ശക്തമായി ഉന്നയിച്ചത്.
അണക്കെട്ടിന്റെ നിലവിലെ അപകടാവസ്ഥ നേരിട്ട് വിലയിരുത്താൻ ഒരു വിദഗ്ദ്ധ സമിതി (കോംപ്രിഹെൻസീവ് ഡാം ഇവാലുവേഷൻ കമ്മിറ്റി) എത്രയും വേഗം മുല്ലപ്പെരിയാർ സന്ദർശിക്കണമെന്ന് കേരളം യോഗത്തിൽ ആവശ്യപ്പെട്ടു. എങ്കിൽ മാത്രമേ അണക്കെട്ടിനെച്ചൊല്ലി കേരളത്തിലെ ജനങ്ങൾ എത്രത്തോളം ആശങ്കയിലാണെന്ന് കമ്മിറ്റിക്ക് ബോധ്യമാകൂ എന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
അതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്ന ആവശ്യമാണ് തമിഴ്‌നാട് പ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചത്. എന്നാൽ നിലവിലെ 142 അടിയിൽ നിന്ന് ഒരിഞ്ച് പോലും ജലനിരപ്പ് ഉയർത്താൻ അനുവദിക്കില്ലെന്ന് കേരളം ശക്തമായ നിലപാടെടുത്തു.
പുതിയ ഡാം പണിയാൻ തമിഴ്‌നാട് ഒരു കാരണവശാലും സമ്മതിക്കില്ലെന്ന് തമിഴ്‌നാട്ടിൽ നിന്നുള്ള സ്റ്റാൻഡിങ് കമ്മിറ്റി അംഗം തങ്കത്തമിഴ് സെൽവൻ എം.പി.യും അവിടുത്തെ ഉദ്യോഗസ്ഥരും യോഗത്തിൽ തുറന്നടിച്ചു. മുല്ലപ്പെരിയാർ വിഷയം കേരളത്തിലെ അഞ്ച് ജില്ലകളിലെ 35 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവന്റെയും സ്വത്തിന്റെയും ആശങ്കയാണെന്ന് ചർച്ചയ്ക്ക് ശേഷം സ്റ്റാൻഡിങ് കമ്മിറ്റി അംഗം ജെബി മേത്തർ എം.പി. പ്രതികരിച്ചു.തമിഴ്‌നാടിന് വെള്ളം നൽകില്ലെന്ന് കേരളം ഒരിയ്ക്കലും പറഞ്ഞിട്ടില്ലെന്നും, അവിടുത്തെ ജനങ്ങളുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് പ്രശ്നത്തിന് ശുഭകരമായ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.
മൂന്നാറിൽ വെച്ചു നടന്ന ഈ സുപ്രധാന സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ ചെയർമാൻ രാജീവ് പ്രതാപ് റൂഡി എം.പി. അധ്യക്ഷത വഹിച്ചു. കേരളവും തമിഴ്‌നാടും രാജ്യത്തെ രണ്ട് പ്രധാന സംസ്ഥാനങ്ങളാണെന്നും ഇരുപക്ഷത്തിന്റെയും ആവശ്യങ്ങളും വാദങ്ങളും കൃത്യമായി കേന്ദ്രസർക്കാരിന് മുന്നിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. പ്രശ്നങ്ങൾ വഷളാക്കാനല്ല, മറിച്ച് ഇരുവിഭാഗത്തിനും ഗുണകരമായ രീതിയിൽ പ്രശ്നപരിഹാരത്തിനാണ് കേന്ദ്ര ജലവിഭവ വകുപ്പ് ശ്രമിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ ഭാഗം വിശദമായി കേട്ട ശേഷം ജനങ്ങൾക്ക് അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
