കണ്ണൂർ : തനിക്കെതിരെ ഉയർന്ന സി.പി.എം വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും രൂക്ഷമായ ഭാഷയിൽ മറുപടിയുമായി തളിപ്പറമ്പ് എം.എൽ എ ടി.കെ. ഗോവിന്ദൻ. സി.പി.എം നേതാക്കൾ ഇപ്പോൾ തന്നെ 'വർഗ്ഗശത്രു' എന്നാണ് വിളിക്കുന്നതെന്നും, ഈ വിളി ചരിത്രത്തിൽ ആദ്യം കേട്ടത് എ.കെ.ജിയും ഇ.എം.എസുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സി.പി.എം എന്ന പാർട്ടി രൂപീകരിച്ച കാലത്താണ് എ.കെ.ജിയും ഇ.എം.എസും ഈ ആക്ഷേപം കേട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.പി.എമ്മിന്റെ വളർച്ച താഴേക്ക് പടവലങ്ങ പോലെയാണെന്ന് പരിഹസിച്ച ടി.കെ. ഗോവിന്ദൻ, കോൺഗ്രസിനെ പിന്തുണച്ചതിന്റെ പേരിൽ തന്നെ മഹാദ്രോഹിയായി ചിത്രീകരിക്കുകയാണെന്നും പറഞ്ഞു. പാർട്ടി എന്നെങ്കിലും തെറ്റ് തിരുത്തിയിട്ടുണ്ടോ എന്ന് ചോദിച്ച അദ്ദേഹം, സി.പി.എമ്മിന്റേത് പൂർണ്ണമായും അഹന്തയുടെ ഭാഷയാണെന്ന് കുറ്റപ്പെടുത്തി.
"സി.പി.എമ്മിനെ തകർക്കുന്നത് അതിന്റെ സ്വന്തം നേതൃത്വം തന്നെയാണ്. കെ.കെ. രാഗേഷിന്റേത് കുട്ടികളുടെ ചേഷ്ടകളാണ്. ഞാൻ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന സമയത്ത് രാഗേഷ് ജനിച്ചിട്ടുപോലുമില്ല. ടി.പി. ചന്ദ്രശേഖരനെ ഇല്ലാതാക്കിയതുപോലെ ഞങ്ങളെയും ഇല്ലാതാക്കാനാണ് അവരുടെ ശ്രമം," ടി.കെ. ഗോവിന്ദൻ പറഞ്ഞു.
അതേസമയം, ടി.കെ. ഗോവിന്ദൻ അവസരവാദിയാണെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു. തളിപ്പറമ്പിൽ നടന്ന സി.പി.എം വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോവിന്ദൻ പാർട്ടിയോട് കാണിച്ചത് വലിയ വഞ്ചനയാണെന്നും ചരിത്രത്തിൽ ഇത്തരം വഞ്ചകർ പിന്നാക്കം പോയിട്ടേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
