‘മന്ത്രി അഴിമതിക്കാരനാണെങ്കിൽ സത്യസന്ധ ഉദ്യോഗസ്ഥരാണ് ബുദ്ധിമുട്ടുന്നത്’; വെളിപ്പെടുത്തലുമായി മുൻ ഡിജിപി എ. ഹേമചന്ദ്രൻ

JUNE 10, 2026, 11:24 PM

തിരുവനന്തപുരം: ഒരു വകുപ്പിന്റെ ചുമതലയുള്ള മന്ത്രി അഴിമതിക്കാരനാണെങ്കിൽ ആ വകുപ്പിലെ സത്യസന്ധരായ ഉദ്യോഗസ്ഥരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നതെന്ന് മുൻ ഡിജിപി എ. ഹേമചന്ദ്രൻ. കല്ലട അഴിമതിക്കേസിന്റെ അന്വേഷണവുമായി മുന്നോട്ടുപോയപ്പോഴാണ് ഈ യാഥാർഥ്യം കൂടുതൽ വ്യക്തമായതെന്നും അദ്ദേഹം പറയുന്നു.

ഹേമചന്ദ്രൻ രചിച്ച ‘അധികാരത്തിന്റെ വഴി, അനീതിയുടെയും’ എന്ന പുസ്തകത്തിലാണ് ഭരണസംവിധാനത്തെയും പൊലീസ് വകുപ്പിനെയും സംബന്ധിച്ച നിരവധി അനുഭവങ്ങളും വിമർശനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത്.

സർവീസിലുടനീളം ഗുരുതര സ്വഭാവദൂഷ്യങ്ങളുടെയും ക്രിമിനൽ പ്രവർത്തനങ്ങളുടെയും പേരിൽ അറിയപ്പെട്ടിരുന്ന ഒരു ഉദ്യോഗസ്ഥന്റെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരിശോധിച്ചപ്പോൾ, മഹാത്മാഗാന്ധി തന്നെ പൊലീസിൽ ചേർന്നതാണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു അതിലെ വിലയിരുത്തലുകളെന്ന് അദ്ദേഹം പുസ്തകത്തിൽ പറയുന്നു. അത്തരം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ആ ഉദ്യോഗസ്ഥന് ഐ.പി.എസ് ലഭിക്കുകയും പിന്നീട് ജില്ലാ പൊലീസ് മേധാവിയായി ഉയരുകയും ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

vachakam
vachakam
vachakam

പൊലീസ് അസോസിയേഷനുകളുടെ രാഷ്ട്രീയവത്കരണത്തിന് ചില ഐ.പി.എസ് ഉദ്യോഗസ്ഥർ തന്നെ കൂട്ടുനിന്നിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. താൻ എസ്.പി ആയിരുന്ന കാലത്ത് ഇത്തരം പ്രവണതകൾക്ക് പിന്തുണ നൽകുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കുറവായിരുന്നുവെങ്കിലും ഇപ്പോൾ ആ കുറവ് പരിഹരിക്കപ്പെട്ടുവരികയാണെന്ന പരിഹാസപരമായ പരാമർശവും പുസ്തകത്തിലുണ്ട്.

വിജിലൻസ് വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന കാലത്തെ അനുഭവങ്ങളും ഹേമചന്ദ്രൻ പുസ്തകത്തിൽ പങ്കുവെക്കുന്നു. താൻ കണ്ടത് “സംസാരിക്കുന്ന ഫയലുകളായിരുന്നു” എന്നും കേട്ടത് “കേൾക്കാൻ പാടില്ലാത്ത കാര്യങ്ങളായിരുന്നു” എന്നും അദ്ദേഹം പറയുന്നു. ചില ഫയലുകളിൽ നിശ്ശബ്ദത പോലും സ്വയം സംസാരിക്കുന്നതായി അനുഭവപ്പെട്ടിരുന്നുവെന്നും അദ്ദേഹം കുറിക്കുന്നു.

മുൻ ഡിജിപിയുടെ പുസ്തകം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. പേരൂർക്കട പൊലീസ് മോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് നിരപരാധിത്വം തെളിയിക്കപ്പെട്ട നെടുമങ്ങാട് സ്വദേശിനി ബിന്ദുവാണ് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam