തിരുവനന്തപുരം: സംസ്ഥാനത്ത് പെരുമഴ നാശം വിതച്ച് പെയ്യുന്നത് തുടരുന്നതിനിടെ പ്രകൃതി ദുരന്തങ്ങളില്‍ പെട്ട് മരിച്ചവരുടെ എണ്ണം 27 ആയി. മലയോര മേഖലകളിലും തീരദേശങ്ങളിലും മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. കോട്ടയം ജില്ലയിലാണ് മഴയും വെള്ളപ്പൊക്കവും മൂലം ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെട്ടത്. ഇവിടെ അഞ്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ നാല് പേരെ കാണാതായിട്ടുണ്ട്.
സംസ്ഥാനത്തുടനീളം 418 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഇവിടെയായി 18,434 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ശക്തമായ കാറ്റിലും മഴയിലും 52 വീടുകള്‍ പൂര്‍ണ്ണമായും 555 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മഴ കനത്ത പശ്ചാത്തലത്തില്‍ ഇന്ന് സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കോട്ടയം, പത്തനംതിട്ട, കാസര്‍കോട്, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുള്ളത്.
അടിയന്തര സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കേരള സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന തിയറി, പ്രാക്ടിക്കല്‍, വൈവവോസി ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം സര്‍വകലാശാലാ പഠന വകുപ്പുകള്‍ നടത്തുന്ന പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.
അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുന്നില്‍ കണ്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, മറ്റ് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലനില്‍ക്കും.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ സേനയുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
