തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നിബന്ധനകളിൽ സംസ്ഥാനത്തിന് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന വിലയിരുത്തലുമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട്. പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് റിപ്പോർട്ട് സമർപ്പിച്ചത്.
റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് കേന്ദ്രം നിർദേശിക്കുന്ന പാഠ്യപദ്ധതി നിർബന്ധമായും നടപ്പാക്കണമെന്ന വ്യവസ്ഥയില്ല. സംസ്ഥാന എസ്‌സിഇആർടി തയ്യാറാക്കുന്ന പാഠപുസ്തകങ്ങൾ തന്നെ പഠിപ്പിക്കാൻ കഴിയുമെന്നും വ്യക്തമാക്കുന്നു. പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി സ്കൂളുകൾക്ക് മുന്നിൽ സ്ഥാപിക്കുന്ന ബോർഡിൽ മാത്രമാണ് കേന്ദ്ര നിബന്ധനകൾ പാലിക്കേണ്ട സാഹചര്യമുള്ളതെന്നും, അതിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തേണ്ടിവരുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സമഗ്ര ശിക്ഷ കേരള (എസ്എസ്കെ) ഫണ്ടിന്റെ പ്രാധാന്യവും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. കേന്ദ്ര സഹായം സംസ്ഥാനത്തിന് അനിവാര്യമാണെന്നും അതിനാൽ പദ്ധതിയുടെ സാമ്പത്തിക വശങ്ങൾ ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
പൊതുവിദ്യാഭ്യാസ മന്ത്രിയായി എൻ. ഷംസുദ്ദീൻ ചുമതലയേറ്റതിന് പിന്നാലെയാണ് പിഎം ശ്രീ പദ്ധതിയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചത്.
അതേസമയം, വിഷയത്തിൽ ഉടൻ തീരുമാനമെടുക്കില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും സാമ്പത്തികവും ഭരണപരവുമായ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കരാർ മുൻ സർക്കാർ ഒപ്പുവെച്ചതാണെന്നും സർക്കാർ സംവിധാനത്തിന് തുടർച്ചയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
