തിരുവനന്തപുരം; കെട്ടിടത്തിൽ നിന്ന് വീണ് മസ്തിഷ്ക മരണം സംഭവിച്ച കണ്ണൂർ പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി അയോന മോൻസൺ (17 വയസ്) ഇനി അഞ്ചു പേർക്ക് പുതുജീവനേകും. അയോനയുടെ വൃക്ക വിമാനമാർഗം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ എത്തിച്ചു.
സംസ്ഥാന ചരിത്രത്തിലാദ്യമായി അവയവം ഒരു ജില്ലയിൽ നിന്ന് മറ്റൊരിടത്തേക്ക് കൊമേഴ്സ്യൽ വിമാനത്തിൽ എത്തിച്ചു എന്ന പ്രത്യേകതയും ഈ അവയവ ദാനത്തിനുണ്ട്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ദൂരക്കൂടുതൽ പരിഗണിച്ച് കൃത്യ സമയത്തിനുള്ളിൽ വൃക്ക എത്തിക്കാനാണ് വിമാനമാർഗം എത്തിക്കാൻ തീരുമാനിച്ചത്. ഇൻഡിഗോയുടെ വിമാനത്തിലാണ് വൃക്ക എത്തിച്ചത്. രാവിലെ 10.42ന് വൃക്ക തിരുവനന്തപുരം എയർപോർട്ടിലും 11 ന് സർക്കാർ മെഡിക്കൽ കോളേജിലും എത്തിച്ചു.
കണ്ണൂർ, കൊശവൻവയൽ, കട്ടിയാങ്കൽ വീട്ടിൽ അയോനയുടെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്.
ഒരു വൃക്ക കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ രോഗിയ്ക്കും കരൾ കോഴിക്കോട് മേയ്ത്ര ആശുപത്രിയിലെ രോഗിയ്ക്കും രണ്ട് നേത്രപടലങ്ങൾ തലശ്ശേരി ജില്ലാ ആശുപത്രിയിലെ രോഗികൾക്കുമാണ് നൽകിയത്. വേർപാടിന്റെ വേദനയിലും മറ്റുള്ളവരുടെ ജീവിതത്തിന് വെളിച്ചമേകാൻ അയോനയുടെ കുടുംബം എടുത്ത തീരുമാനത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി പറഞ്ഞു. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ആയിരുന്ന അയോണ മോൺസൺ ജനുവരി 12ന് രാവിലെ 8.15ന്സ്കൂളിന്റെ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അയോനയെ പയ്യാവൂർ ആശുപത്രിയിലും തുടർന്ന് കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ജനുവരി 14 ന് മസ്തിഷ്കമരണം സംഭവിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ അവയവം ദാനം ചെയ്യാൻ സമ്മതം നൽകുകയായിരുന്നു. അച്ഛൻ കെ. എം മോൻസൺ, അമ്മ: അനിത മോൻസൺ. മാർട്ടിൻ മോൻസൺ, എയ്ഞ്ചൽ മോൻസൺ എന്നിവരാണ് സഹോദരങ്ങൾ.
പോലീസിന്റെ സഹായത്തോടെ ഗ്രീൻ കോറിഡോർ ഒരുക്കിയാണ് അവയവം റോഡ് മാർഗം വേഗത്തിലെത്തിച്ചത്. കെ സോട്ടോയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
