തിരുവനന്തപുരം: ഗതാഗതം, ആരോഗ്യം, വ്യോമയാനം, മൊബൈൽ സാങ്കേതികത തുടങ്ങിയ മേഖലകൾക്ക് സഹായകമായി സംസ്ഥാനത്തിന്റെ എഐ പ്രോസസർ അഥവാ ‘കൈരളി’.
കേരള ഡിജിറ്റൽ സർവകലാശാലയാണ് ‘കൈരളി’ എന്ന പേരിൽ നിർമിതബുദ്ധി അധിഷ്ഠിത ആപ്ലിക്കേഷനുകൾക്കായി എഐ പ്രോസസർ വികസിപ്പിച്ചത്. സംസ്ഥാനത്തെ കാർഷിക മേഖലയിൽ ഉൾപ്പെടെ കൂടുതൽ ഉൽപാദനക്ഷമത സാധ്യമാക്കാൻ ‘കൈരളി’ സഹായിക്കും.
ഡിജിറ്റൽ സർവകലാശാല അക്കാദമിക് വിഭാഗം ഡീൻ ഡോ. അലക്സ് ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രോസസർ വികസിപ്പിച്ചത്.
കുറച്ചുസ്ഥലത്ത് കൂടുതൽ കൃഷി സാധ്യമാകുന്ന പ്രിസിഷൻ ഫാമിങ് ഉൾപ്പെടെയുള്ളവ പ്രോസസർ വഴി സംസ്ഥാനത്തും സാധ്യമാകുമെന്നു ഡിജിറ്റൽ സർവകലാശാലാ അധികൃതർ പറഞ്ഞു. കൃഷിയിടങ്ങളിൽ ‘കൈരളി’ ചിപ് സ്ഥാപിച്ച് വിത്തുകൾക്കു വേണ്ട വെള്ളവും വളവും കൃത്യമായ അളവിൽ യന്ത്രസഹായത്തോടെ വിതരണം ചെയ്യാനാകും.
എഡ്ജ് എഐ സംവിധാനം ഉപയോഗിച്ചാകും പ്രോസസറുകൾ പ്രവർത്തിക്കുക. കേരളത്തിൽ ഡിസൈൻ ചെയ്ത ചിപ് യുഎസിലാണു നിർമിച്ചത്. എഐ ചിപ്പുകൾ നിർമിക്കുന്ന ലാബുകൾ രാജ്യത്ത് ഇനിയും എത്തിയിട്ടില്ല.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു സർവകലാശാലയിൽ എഐ പ്രോസസർ വികസിപ്പിക്കുന്നത്. രാജ്യത്ത് മദ്രാസ് ഐഐടി, സി–ഡാക് തുടങ്ങിയ സ്ഥാപനങ്ങൾ മുൻപ് ഇത്തരം പ്രോസസറുകൾ വികസിപ്പിച്ചിട്ടുണ്ട്. വിവരച്ചോർച്ച തടയാൻ പ്രത്യേക സുരക്ഷാ സംവിധാനങ്ങളും പ്രോസസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി ‘കൈരളി’ പ്രകാശനം ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്