തിരുവനന്തപുരം: പ്രതിപക്ഷത്തിരിക്കെ എൽഡിഎഫ് സർക്കാരിന്റെ കടമെടുപ്പ് നയത്തെ രൂക്ഷമായി വിമർശിച്ചിരുന്ന യുഡിഎഫ്, അധികാരത്തിലെത്തിയ ശേഷവും പൊതുവിപണിയിൽ നിന്നുള്ള വായ്പയിൽ ആശ്രയം തുടരുന്നു. സർക്കാർ അധികാരമേറ്റതിന് പിന്നാലെ കഴിഞ്ഞ രണ്ട് മാസത്തിനിടെ 10,400 കോടി രൂപയാണ് പൊതുവിപണിയിൽ നിന്ന് വായ്പയെടുത്തത്.
പത്ത് വർഷത്തെ എൽഡിഎഫ് ഭരണകാലത്ത് സംസ്ഥാനത്തിന്റെ പൊതുകടം കുത്തനെ ഉയർന്നുവെന്നായിരുന്നു യുഡിഎഫിന്റെ പ്രധാന വിമർശനം. അധികാരമേറ്റതിന് പിന്നാലെ പുറത്തിറക്കിയ സാമ്പത്തിക ധവളപത്രത്തിലും സംസ്ഥാനത്തിന്റെ കടബാധ്യതയെക്കുറിച്ച് സർക്കാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ നിലവിലെ കണക്കുകൾ പരിശോധിക്കുമ്പോൾ കടമെടുപ്പ് നയത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
മേയ് 26-നാണ് പുതിയ സർക്കാർ ആദ്യമായി പൊതുവിപണിയിൽ നിന്ന് വായ്പയെടുത്തത്. തുടർന്ന് ജൂലൈ 21-ന് സമാഹരിച്ച 2,200 കോടി രൂപ ഉൾപ്പെടെ അഞ്ച് ഘട്ടങ്ങളിലായി ആകെ 10,400 കോടി രൂപയാണ് സർക്കാർ കടമെടുത്തത്.
നടപ്പ് സാമ്പത്തിക വർഷത്തിൽ ഡിസംബർ വരെ സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ചിരിക്കുന്ന വായ്പാ പരിധി 23,000 കോടി രൂപയാണ്. ഇതിൽ ഏകദേശം പകുതിയോളം തുക സർക്കാർ രണ്ട് മാസത്തിനുള്ളിൽ തന്നെ ഉപയോഗിച്ചുകഴിഞ്ഞു.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും ദൈനംദിന ചെലവുകൾ നിറവേറ്റാനുമാണ് തുടർച്ചയായി വായ്പയെടുക്കുന്നതെന്നാണ് സർക്കാർ വിശദീകരണം. പ്രിയദർശിനി സൗജന്യ ബസ് യാത്ര ഉൾപ്പെടെയുള്ള പുതിയ ക്ഷേമപദ്ധതികൾ നടപ്പിലാക്കിയതോടെ സർക്കാരിന്റെ സാമ്പത്തിക ബാധ്യത വർധിച്ചിരിക്കുകയാണ്.
ഇതിനുപുറമെ, ഓണം പ്രമാണിച്ചുള്ള ബോണസ് വിതരണം, ക്ഷേമപെൻഷൻ, മറ്റ് ഉത്സവകാല ചെലവുകൾ എന്നിവയ്ക്കായി വരും മാസങ്ങളിൽ വൻതുക കണ്ടെത്തേണ്ട സാഹചര്യമുണ്ട്. ഇതോടെ സംസ്ഥാനത്തിന്റെ പൊതുവായ്പ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് സാമ്പത്തിക രംഗത്തെ വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
