കണ്ണൂർ, പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ കടുത്ത വിമർശനം.
മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും പ്രവർത്തന ശൈലി ജനങ്ങൾക്ക് ദഹിക്കുന്നതായിരുന്നില്ലെന്നും ഇതാണ് തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണമായതെന്നും യോഗങ്ങളിൽ കുറ്റപ്പെടുത്തലുണ്ടായി. നേതൃത്വം സ്വയം തിരുത്താൻ തയ്യാറായില്ലെങ്കിൽ അണികൾ തിരുത്തിക്കുമെന്നതിന്റെ തെളിവാണ് പയ്യന്നൂരിലും തളിപ്പറമ്പിലും ഉൾപ്പെടെ പാർട്ടി നേരിട്ട പരാജയമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പല പ്രസ്താവനകളും തിരഞ്ഞെടുപ്പിൽ ജനങ്ങളെ അകറ്റാൻ മാത്രമേ ഉപകരിച്ചുള്ളൂ എന്നും വിലയിരുത്തലുണ്ടായി.
കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ വീഴ്ചകളും യോഗത്തിൽ ചർച്ചയായി. പയ്യന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണനെ പാർട്ടി ചെറുതായി കണ്ടുവെന്നും മണ്ഡലങ്ങളിലെ അടിയൊഴുക്കുകൾ കണ്ടെത്താൻ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും വിമർശനം ഉയർന്നു. പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെയും അണികൾക്കിടയിൽ കടുത്ത അമർഷമുണ്ടായിരുന്നു. ഭരണവിരുദ്ധ വികാരത്തേക്കാൾ ഉപരിയായി, പാർട്ടി നേതൃത്വത്തിന്റെ ധാർഷ്ട്യം നിറഞ്ഞ ശൈലിയാണ് ജനങ്ങൾ ബാലറ്റിലൂടെ തിരുത്തിച്ചതെന്നാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിന്റെ ആകെ വിലയിരുത്തൽ.
പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ ഉയർന്ന വിമർശനങ്ങൾ കൂടുതൽ രൂക്ഷമായിരുന്നു. പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് നൽകിയത് അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ മാത്രമായിരുന്നെന്നും, തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം അദ്ദേഹത്തെ പ്രതിപക്ഷ നേതാവാക്കാൻ എടുത്ത തീരുമാനം തെറ്റാണെന്നും അത് അടിയന്തരമായി റദ്ദാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
കണ്ണൂരിലെ പാർട്ടിയിൽ പ്രതിസന്ധിയുണ്ടായപ്പോൾ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്വന്തം ഭാര്യയെ മാത്രമാണ് പിന്തുണച്ചതെന്നും സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹം ശ്രമിച്ചില്ലെന്നും വിമർശനമുയർന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് സാധാരണ പാർട്ടിക്കാർക്ക് അന്യമായിരുന്നുവെന്നും അവിടെ പാർട്ടിക്കാർക്ക് ഒരു വിലയും ലഭിച്ചിരുന്നില്ലെന്നും കേന്ദ്ര കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ നേതാക്കൾ തുറന്നടിച്ചു.
News tags: Pinarayi Vijayan, M.V. Govindan, CPM Kannur Secretariat, LDF Election Defeat, Pinarayi Age Limit Issue, CPM Pathanamthitta Meeting, Style of Functioning Criticism, V. Kunhikrishnan, P.K. Shyamala, Assembly Election Results 2026.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
