തിരുവനന്തപുരം: പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് മുമ്പ് കോൺഗ്രസ് മന്ത്രിമാർക്കായി തയ്യാറാക്കിയ ഗൺമാൻ പട്ടികയെ ചൊല്ലി വിവാദം ശക്തമാകുന്നു. കോൺഗ്രസ് അനുകൂല പൊലീസ് അസോസിയേഷൻ തയ്യാറാക്കി നൽകിയ പട്ടികയിലാണ് ഗുരുതര ആരോപണങ്ങൾ ഉയരുന്നത്.
ആർഎസ്എസ് ബന്ധമുള്ള ചിലർ, സോളാർ കേസുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ചയിൽ ആരോപണവിധേയയായ ഉദ്യോഗസ്ഥ, ഡ്യൂട്ടിക്കിടെ മദ്യപിച്ചതിന് നടപടി നേരിട്ട വ്യക്തി എന്നിവരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ആക്ഷേപം.
സോളാർ വിവാദകാലത്ത് സുരക്ഷാ വീഴ്ച ആരോപണം നേരിട്ട ഷീജാ ദാസിന്റെ പേരും പട്ടികയിലുണ്ടെന്നാണ് വിവരം. ഇതോടെയാണ് വിഷയത്തിൽ കോൺഗ്രസിനകത്തും പ്രതിഷേധം ഉയർന്നത്.
പട്ടിക തയ്യാറാക്കുന്നതിന് മുമ്പ് ആവശ്യമായ പരിശോധനകളോ പശ്ചാത്തല വിലയിരുത്തലുകളോ നടത്തിയില്ലെന്ന വിമർശനവും പാർട്ടിക്കുള്ളിൽ ശക്തമാണ്. സുരക്ഷാ ചുമതലയുള്ളവരുടെ രാഷ്ട്രീയ-സേവന പശ്ചാത്തലം ഗൗരവമായി പരിശോധിക്കേണ്ടതായിരുന്നു എന്ന അഭിപ്രായമാണ് ഉയരുന്നത്.
ഏകദേശം 80 പേരടങ്ങുന്ന പട്ടികയാണ് അസോസിയേഷൻ കൈമാറിയിരിക്കുന്നതെന്നാണ് വിവരം. പട്ടികയിലെ ചില പേരുകളെ ചൊല്ലി അസോസിയേഷനകത്തുതന്നെ എതിർപ്പുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
പുതിയ മന്ത്രിസഭ അധികാരമേൽക്കാനിരിക്കെ ഉയർന്ന ഈ വിവാദം കോൺഗ്രസിനും സർക്കാരിനും അനാവശ്യ തലവേദനയായിരിക്കുകയാണ്. വിഷയത്തിൽ നേതൃത്വം വിശദമായ പരിശോധന നടത്തുമെന്ന സൂചനകളുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
