ആലപ്പുഴ : ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയെ (ജെയ്ൻ മാത്യു–54) കാണാതായ കേസിൽ വഴിത്തിരിവ്?
റിമാൻഡിൽ കഴിയുന്ന പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യനെതിരെ(68) ചില ശക്തമായ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചു. സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡിയിൽ വാങ്ങും.
സെബാസ്റ്റ്യനെ പരിചയമുള്ളവരുടെയും ചില നാട്ടുകാരുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തുന്നുമുണ്ട്. 14 ദിവസം കസ്റ്റഡിയിൽ ലഭിച്ച സെബാസ്റ്റ്യനെ 120 മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തെങ്കിലും ഇയാൾ ഒന്നും വിട്ടുപറഞ്ഞില്ല. ജെയ്നമ്മയ്ക്ക് എന്തു പറ്റിയെന്ന് അറിയില്ലെന്നായിരുന്നു മൊഴി. എന്നാൽ ഇയാളുടെ വീടിന്റെ സ്വീകരണമുറിയിൽ കാണപ്പെട്ട രക്തക്കറ ജെയ്നമ്മയുടേതാണെന്നു ഡിഎൻഎ പരിശോധനാഫലം വന്നിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞു സെബാസ്റ്റ്യനെ ജയിലിൽ പ്രവേശിപ്പിച്ച ശേഷമാണ് ഈ ഫലം ലഭിച്ചത്.
സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നു ലഭിച്ച മൃതദേഹാവശിഷ്ടങ്ങളുടെ ഡിഎൻഎ ഫലം കൂടി ലഭിച്ച ശേഷം കസ്റ്റഡി അപേക്ഷ നൽകാനായിരുന്നു മുൻതീരുമാനം. എന്നാൽ അസ്ഥികൾ ജീർണിച്ച നിലയിലായതിനാൽ ഫലം ലഭിക്കാൻ ഇനിയും വൈകും. അതിനിടെയാണു സെബാസ്റ്റ്യനെതിരെ ചില തെളിവുകൾ കൂടി ലഭിച്ചത്. ഇനി ഡിഎൻഎ ഫലം വരെ കാക്കേണ്ട എന്നാണു ക്രൈംബ്രാഞ്ച് തീരുമാനം.
കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ (52), വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ(57) എന്നിവരെ കാണാതായ സംഭവങ്ങളിലും സെബാസ്റ്റ്യൻ പ്രതിസ്ഥാനത്താണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്