ഗോസംരക്ഷകരുടെ ഭീഷണി; കേരളത്തിൽ ബീഫ്  കിട്ടാനില്ല, വില 440 കടന്നു

JUNE 7, 2026, 2:09 AM

ഇടുക്കി: സംസ്ഥാനത്ത് മാട്ടിറച്ചി (ബീഫ്) ലഭ്യതയിൽ കനത്ത ക്ഷാമം നേരിടുന്നു. അയൽ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് അറവുമാടുകൾ എത്താതായതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മാട് ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ ഭൂരിഭാഗം ഇറച്ചിക്കടകളും നിലവിൽ അടഞ്ഞുകിടക്കുകയാണ്. പ്രതിസന്ധി പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ വരുന്ന ജൂൺ 12 മുതൽ ഇടുക്കി ജില്ലയിലെ മാട്ടിറച്ചിക്കടകൾ അനിശ്ചിതകാലത്തേക്ക് പ്രവർത്തനം നിർത്താൻ വ്യാപാരികൾ തീരുമാനിച്ചു.

മാംസാഹാരം കഴിക്കുന്ന കേരളത്തിലെ ഭൂരിഭാഗം ആളുകളുടെയും പ്രധാന ഇഷ്ടവിഭവങ്ങളിലൊന്നായ പോത്തിറച്ചിക്ക് കഴിഞ്ഞ രണ്ടുമാസമായിട്ടാണ് സംസ്ഥാനത്ത് കനത്ത ലഭ്യതക്കുറവ് അനുഭവപ്പെടാൻ തുടങ്ങിയത്.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും അറവുമാടുകളെ എത്തിച്ചിരുന്നത്. സാധാരണയായി പ്രതിമാസം ഒന്നരലക്ഷത്തോളം കന്നുകാലികളെയാണ് ഇറച്ചിക്കായി കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നതെങ്കിൽ, നിലവിൽ ഇത് ഇരുപതിനായിരത്തിൽ താഴെയായി കുത്തനെ കുറഞ്ഞിരിക്കുകയാണ്.

vachakam
vachakam
vachakam

അയൽ സംസ്ഥാനങ്ങളിൽ ഗോസംരക്ഷക സംഘടനകളുടെ പേരിൽ എത്തുന്ന ചിലർ, കന്നുകാലികളുമായി വരുന്ന വാഹനങ്ങൾ വഴിയിൽ തടഞ്ഞുനിർത്തി പിടിച്ചെടുക്കുന്നതാണ് പ്രധാന തിരിച്ചടിയാകുന്നത്. ഈ ഭീഷണിയെത്തുടർന്ന് കന്നുകാലികളെ കേരളത്തിലേക്ക് കൊണ്ടുവരാൻ ഇടനിലക്കാർ മടിക്കുകയാണ്.

ഇതിനുപുറമെ, കഴിഞ്ഞ മെയ് മാസം മുതൽ ആന്ധ്രാപ്രദേശ് സർക്കാർ കന്നുകാലികൾക്ക് നൽകിവന്നിരുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നത് നിർത്തലാക്കി.നിലവിൽ ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ കൈവശമില്ലെന്ന കാരണം ചൂണ്ടിക്കാണിച്ചും അതിർത്തികളിൽ അറവുമാടുകളെ വ്യാപകമായി പിടിച്ചെടുക്കുന്നുണ്ട്.

അന്യസംസ്ഥാനങ്ങളിൽ നിന്ന് മാടുകളെ കിട്ടാതായതോടെ കേരളത്തിലെ ഭൂരിഭാഗം അറവുശാലകളും അനുബന്ധ കച്ചവട സ്ഥാപനങ്ങളും പൂട്ടിയിരിക്കുകയാണ്. നിലവിൽ കേരളത്തിൽ വളർത്തുന്ന കന്നുകാലികളെ മാത്രമാണ് ഇറച്ചിക്കായി ഉപയോഗിക്കുന്നത്. കന്നുകാലികളെ എത്തിക്കുന്നത് തടയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കച്ചവടക്കാരുടെ സംഘടനയായ മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ നാല് സംസ്ഥാന സർക്കാരുകൾക്കും കത്തയച്ചിരുന്നെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ട് കണ്ട് നിവേദനം നൽകാൻ സംഘടനയുടെ ഭാരവാഹികൾ തീരുമാനിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam