കൊച്ചി: സംസ്ഥാനത്ത് അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തിയ നിർണായക കണ്ടെത്തലുകൾക്ക് പിന്നാലെ അവയവദാനത്തിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് അനധികൃത അവയവക്കച്ചവടം വ്യാപകമാണെന്ന വിവരങ്ങളുടെ പശ്ചാത്തലത്തിൽ 2010-ലെ മാർഗനിർദേശങ്ങൾ പുതുക്കാനാണ് തീരുമാനം.
അവയവദാനത്തിനുള്ള സംസ്ഥാന നോഡൽ ഏജൻസിയായ കെ-സോട്ടോ (Kerala State Organ and Tissue Transplant Organization) പുതിയ മാർഗനിർദേശങ്ങളുടെ കരട് ആശുപത്രികൾക്ക് കൈമാറിയിട്ടുണ്ട്. ആശുപത്രികളുടെ അഭിപ്രായം തേടിയ ശേഷമാകും അന്തിമ വിജ്ഞാപനം പുറത്തിറക്കുക.
സ്ത്രീകളെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും ലക്ഷ്യമിട്ട് നടക്കുന്ന ചൂഷണങ്ങൾ തടയാൻ ലക്ഷ്യമിട്ടാണ് പുതിയ വ്യവസ്ഥകൾ തയ്യാറാക്കിയിരിക്കുന്നത്. ബന്ധുക്കളല്ലാത്തവർ തമ്മിലുള്ള അവയവദാനത്തിന് ഇനി പൊലീസിന്റെ പ്രത്യേക അന്വേഷണ റിപ്പോർട്ട് നിർബന്ധമാകും.
ദാതാവ് ദിവസവേതന തൊഴിലാളിയല്ലെങ്കിൽ തൊഴിൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സ്ത്രീയാണ് ദാതാവെങ്കിൽ അച്ഛൻ, അമ്മ, ഭർത്താവ്, മക്കൾ തുടങ്ങിയ അടുത്ത ബന്ധുക്കളുടെ സമ്മതം നിർബന്ധമാക്കും. ഭർത്താവിന് പകരം മറ്റൊരാൾക്ക് അവയവം നൽകുന്ന സാഹചര്യത്തിൽ അതിന്റെ കാരണം വ്യക്തമായി രേഖപ്പെടുത്തണമെന്നും, ദാതാവിന്റെയും ഭർത്താവിന്റെയും കഴിഞ്ഞ ഒരു വർഷത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും സമർപ്പിക്കണമെന്നും കരടിൽ വ്യക്തമാക്കുന്നു.
ബന്ധം തെളിയിക്കാൻ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളോ എം.എൽ.എ, എം.പി.മാരുടെ ശുപാർശക്കത്തുകളോ ഇനി അംഗീകരിക്കില്ല. ജനന സർട്ടിഫിക്കറ്റ്, ആധാർ, പാസ്‌പോർട്ട് തുടങ്ങിയ ഔദ്യോഗിക രേഖകൾ തന്നെ നിർബന്ധമായിരിക്കും.
ദാതാവിന്റെയും സാക്ഷികളുടെയും സമ്മതമൊഴി വീഡിയോയിൽ രേഖപ്പെടുത്തുക, മാനസികാരോഗ്യ പരിശോധന നടത്തി ദാതാവിന്റെ സ്വതന്ത്ര സമ്മതം ഉറപ്പാക്കുക, ദീർഘകാല ആരോഗ്യപരിചരണത്തിനായി ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക തുടങ്ങിയ വ്യവസ്ഥകളും പുതിയ മാർഗനിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്വകാര്യ ആശുപത്രികളുമായി ചർച്ചകൾ പൂർത്തിയാക്കിയ ശേഷം അന്തിമ മാർഗനിർദേശങ്ങൾ സർക്കാർ ഉടൻ പുറത്തിറക്കുമെന്നാണ് കെ-സോട്ടോ അധികൃതർ അറിയിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
