കണ്ണൂർ: പയ്യന്നൂർ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ടി.ഐ. മധുസൂദൻ അയച്ച വക്കീൽ നോട്ടീസിന് മറുപടിയുമായി വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ. താൻ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ഉന്നയിച്ച എല്ലാ ആരോപണങ്ങളിലും കണക്കുകളിലും പൂർണമായും ഉറച്ചുനിൽക്കുന്നതായാണ് അഭിഭാഷകൻ മുഖേന നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
ധൻരാജ് രക്തസാക്ഷി ഫണ്ട് പിരിവുമായി ബന്ധപ്പെട്ട യഥാർഥ വിവരങ്ങളും കണക്കുകളും പൊതുജനങ്ങൾ അറിയണമെന്ന സദുദ്ദേശ്യത്തോടെയാണ് പുസ്തകം പ്രസിദ്ധീകരിച്ചതെന്ന് വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. താൻ ഉന്നയിച്ച ആരോപണങ്ങൾ തെളിവുകൾ സഹിതം ബോധ്യപ്പെടുത്താൻ തയ്യാറാണെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.
ടി.ഐ. മധുസൂദൻ വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടിയ കണക്കുകൾ തെറ്റാണെന്നും, താൻ പുറത്തുവിട്ടത് വസ്തുതാപരവും സത്യസന്ധവുമായ വിവരങ്ങളാണെന്നും വി. കുഞ്ഞികൃഷ്ണൻ അവകാശപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.ഐ. മധുസൂദൻ പരാജയപ്പെട്ടതിന് താൻ കാരണക്കാരനാണെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. തെരഞ്ഞെടുപ്പ് തോൽവിക്ക് തനിക്കൊരു പങ്കുമില്ലെന്നും മറുപടിയിൽ പറയുന്നു.
ധൻരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട വിവാദം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന തന്റെ പുസ്തകത്തിലെ വിവരങ്ങൾ പിൻവലിക്കാനോ ആരോപണങ്ങൾ തിരുത്താനോ തയ്യാറല്ലെന്നും വി. കുഞ്ഞികൃഷ്ണൻ മറുപടിയിൽ ആവർത്തിച്ചു. വിഷയത്തിൽ നിയമനടപടികൾ തുടരാനാണ് ഇരു വിഭാഗങ്ങളുടെയും തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
