തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ കേരള തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ കടൽദുരന്തത്തിൽ നിരവധി മത്സ്യത്തൊഴിലാളികൾ മരണപ്പെടുകയും, പലർക്കും പരിക്കേൽക്കുകയും, നിരവധി മത്സ്യബന്ധന യാനങ്ങൾക്ക് വൻ നാശനഷ്ടം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹത്തോട് സർക്കാർ കൂടുതൽ കരുതലും ഉത്തരവാദിത്വവും പുലർത്തേണ്ട സമയത്താണ് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ നടത്തിയ പരാമർശം കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയതെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ (SMTF) അഭിപ്രായപ്പെട്ടു.
കടലിൽ മത്സ്യത്തൊഴിലാളികളെ കാണാതാകുകയും അവരുടെ കുടുംബങ്ങൾ പ്രതീക്ഷയോടെയും ആശങ്കയോടെയും കാത്തിരിക്കുകയും ചെയ്യുന്ന അതീവ ദുഃഖകരമായ സാഹചര്യത്തിൽ, 'ഇത്തരം സംഭവങ്ങളിൽ തെരച്ചിൽ നടപടികൾക്ക് ദിവസങ്ങൾ എടുക്കുന്നത് സ്വാഭാവികമാണ്' എന്ന തരത്തിൽ മന്ത്രി നടത്തിയ പ്രസ്താവന മത്സ്യത്തൊഴിലാളി സമൂഹത്തെ അങ്ങേയറ്റം വേദനിപ്പിച്ചതായി ഫെഡറേഷൻ ചൂണ്ടിക്കാട്ടി. ദുരന്തത്തിന്റെ ആഘാതത്തിൽ കഴിയുന്ന കുടുംബങ്ങളുടെ മാനസികാവസ്ഥയെ പരിഗണിക്കാതെയുള്ള ഇത്തരം പ്രതികരണങ്ങൾ പ്രതിഷേധത്തിനും അവിശ്വാസത്തിനും ഇടയാക്കുമെന്നും, മന്ത്രി പ്രസ്താവന പിൻവലിച്ച് മത്സ്യത്തൊഴിലാളി സമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സായാഹ്ന പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. സ്‌റ്റെല്ലസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ചീഫ് കോ-ഓർഡിനേറ്റർ ഡോ. എഫ്.എം. ലാസർ ആമുഖപ്രഭാഷണം നടത്തി. തീര ജ്വാല കോസ്റ്റൽ കമ്മ്യൂണിറ്റിസ് ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി ഡോ. ഫ്രാൻസിസ് ആൽബർട്ട് OFS പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു.
ധർണയിൽ പങ്കെടുത്ത നേതാക്കൾ ആവശ്യപ്പെട്ടത്, വയനാട്, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസ്സിലാക്കിയതുപോലെ, മുഖ്യമന്ത്രി കേരളത്തിലെ തീരമേഖലകളും സന്ദർശിച്ച് മത്സ്യത്തൊഴിലാളി സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾ നേരിൽ വിലയിരുത്തണം എന്നതാണ്. തീരദേശ ജനവിഭാഗത്തിന്റെ ജീവനും ഉപജീവനവും സുരക്ഷിതമാക്കുന്നതിനായി സമഗ്രമായ വികസന പദ്ധതികളും ദുരന്തനിവാരണ സംവിധാനങ്ങളും ക്ഷേമപദ്ധതികളും പ്രഖ്യാപിച്ച് സമയബന്ധിതമായി നടപ്പാക്കണമെന്നും ധർണ ആവശ്യപ്പെട്ടു.
കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി യുദ്ധകാലാടിസ്ഥാനത്തിൽ തുടരണമെന്നും, ദുരന്തബാധിത കുടുംബങ്ങൾക്ക് അടിയന്തര സഹായവും മതിയായ നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും പ്രതിഷേധ ധർണ ആവശ്യപ്പെട്ടു.
ധർണയിൽ നേപ്പോളിയൻ ഫ്രാൻസിസ്, അവറേൻ വിൻസെന്റ്, തുമ്പ ഫ്രാൻസിസ്, പൂന്തുറ ജെലസ്റ്റിൻ, അജിത് ശംഖുമുഖം, വലിയവേളി എഡിസൺ, അഖിൽ എന്നിവർ പ്രസംഗിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
