പത്തനംതിട്ട: ചിറ്റാറിൽ 35-കാരനായ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ നിർണായക നീക്കവുമായി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചിറ്റാർ പൊലീസ് ചോദ്യം ചെയ്യുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
ചിറ്റാർ സ്വദേശിയായ സന്ദീപിനെ ഞായറാഴ്ച രാത്രി വീടിന് സമീപത്തെ ഒരു കുഴിയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് മുമ്പ് തനിക്ക് അടുപ്പമുണ്ടായിരുന്ന യുവതിയെ വിളിച്ചുകൊണ്ടുവരാനാണെന്ന് പറഞ്ഞാണ് സന്ദീപ് വീട്ടിൽ നിന്ന് പുറത്തുപോയതെന്ന് ബന്ധുക്കൾ പറയുന്നു. പിന്നീട് ദുരൂഹ സാഹചര്യത്തിലാണ് അദ്ദേഹത്തെ അവശനിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ സന്ദീപിന്റെ പിതാവ് സദാനന്ദൻ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. യുവതിയുടെ ബന്ധുക്കൾ മകനെ മർദിച്ചെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഈ ആരോപണം ഉൾപ്പെടെ വിവിധ സാഹചര്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്.
അതേസമയം, സംഭവത്തിന് പിന്നാലെ വിവാഹിതയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. സന്ദീപിന്റെ മരണം കൊലപാതകമാണോയെന്ന കാര്യത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. നിലവിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണ സംഘം എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണ്.
പോസ്റ്റുമോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാഫലങ്ങളും ലഭിച്ചാൽ മരണത്തിന്റെ യഥാർഥ കാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
