മുംബൈ: ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന 'ടോക്‌സിക്: എ ഫെയറിടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്‌സ്' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ചില്‍ വൈകാരികമായി സംസാരിച്ച് സംവിധായിക ഗീതു മോഹന്‍ദാസ്. ചിത്രത്തിലെ നായകനും നിര്‍മാതാക്കളില്‍ ഒരാളുമായ യഷ്, മറ്റ് അണിയറപ്രവര്‍ത്തകര്‍ എന്നിവരെക്കുറിച്ചെല്ലാം അവര്‍ വേദിയില്‍ വാചാലയായി. ചുറ്റുമുള്ളവര്‍ തന്റെ കഴിവില്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ തന്നില്‍ പൂര്‍ണമായി വിശ്വസിച്ചത് യഷ് മാത്രമായിരുന്നുവെന്ന് അവര്‍ കണ്ണീരണിഞ്ഞുകൊണ്ട് ഓര്‍ത്തെടുത്തു.
വേദിയിലേക്ക് അവതാരകന്‍ സ്വാഗതം ചെയ്തപ്പോള്‍ വലിയ ആവേശത്തോടെയാണ് കാണികള്‍ ഗീതുവിനെ സ്വീകരിച്ചത്. കന്നഡയില്‍ തയ്യാറാക്കിയ പ്രസംഗം മറന്നുപോയതിനാല്‍ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ പങ്കുവെക്കുകയാണെന്ന് പറഞ്ഞാണ് അവര്‍ സംസാരിച്ചു തുടങ്ങിയത്. വര്‍ഷങ്ങളായി തന്റെ മകളെ സ്‌നേഹത്തോടെ നോക്കുന്ന സ്വന്തം അമ്മയ്ക്കാണ് ഗീതു ആദ്യം നന്ദി പറഞ്ഞത്. മകള്‍ക്ക് ഉയരങ്ങളില്‍ പറക്കാന്‍ വേണ്ടിയാണ് അമ്മ കൊച്ചുമകളെ പരിപാലിച്ചതെന്നും, കുടുംബത്തിന്റെ പിന്തുണ പ്രവൃത്തികളില്‍ എത്രത്തോളം വലുതാണെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.
ചിത്രത്തിലെ പ്രധാന അഭിനേതാക്കളില്‍ ഒരാളായ വെനൂത്സയെക്കുറിച്ചും സംവിധായിക പ്രത്യേക പരാമര്‍ശം നടത്തി. ഇംഗ്ലീഷ് ഡയലോഗുകള്‍ കൃത്യമായി മനപാഠമാക്കുന്ന അപൂര്‍വം അഭിനേതാക്കളില്‍ ഒരാളാണ് അദ്ദേഹമെന്നും, സിനിമയോടുള്ള അദ്ദേഹത്തിന്റെ സത്യസന്ധതയും ഹൃദയസ്പര്‍ശിയായ സമീപനവും ചിത്രത്തിന് വലിയ കരുത്തായെന്നും അവര്‍ വ്യക്തമാക്കി. അണിയറ പ്രവര്‍ത്തകരുടെ മാസങ്ങള്‍ നീണ്ട അദൃശ്യമായ കഠിനാധ്വാനമാണ് ഒരു സിനിമയെ പ്രേക്ഷകര്‍ക്ക് മുന്നില്‍ ലളിതമായി എത്തിക്കുന്നതെന്നും ഗീതു കൂട്ടിച്ചേര്‍ത്തു.
നടന്‍ യഷുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ച് അതീവ വൈകാരികമായാണ് ഗീതു സംസാരിച്ചത്. യഷ് തന്റെ പ്രിയപ്പെട്ട നിര്‍മാതാവോ മികച്ച നടനോ സഹ-തിരക്കഥാകൃത്തോ മാത്രമല്ലെന്നും, മറിച്ച് അതൊരു ആഴത്തിലുള്ള വികാരമാണെന്നും അവര്‍ വ്യക്തമാക്കി. പലരും തന്റെ കഴിവിനെയും കാര്യപ്രാപ്തിയെയും സംശയത്തോടെ നോക്കിക്കണ്ടപ്പോള്‍ തന്നില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ചത് യഷ് മാത്രമാണെന്ന് ഗീതു പറഞ്ഞു. ഈ സിനിമയ്ക്ക് ശേഷവും യഷിന്റെ സ്വാധീനം തന്റെ ജീവിതത്തില്‍ എന്നും ഉണ്ടാകുമെന്നും, സിനിമയുടെ യാത്രയില്‍ തനിക്ക് ഏറ്റവും വലിയ പ്രചോദനം നല്‍കിയത് അദ്ദേഹമാണെന്നും സംവിധായിക വെളിപ്പെടുത്തി.
ചിത്രത്തില്‍ ഇതുവരെ കാണാത്ത വേറിട്ട ലുക്കിലാണ് യഷ് എത്തുന്നത്. റായ, ടിക്കറ്റ് എന്നീ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കുന്നത്. ഗീതു മോഹന്‍ദാസും യഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളം പതിപ്പിന്റെ സംഭാഷണങ്ങള്‍ ഗോപന്‍ ചിദംബരവും ഛായാഗ്രഹണം രാജീവ് രവിയും നിര്‍വഹിക്കുന്നു. നയന്‍താര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി, സുദേവ് നായര്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
കെ.വി.എന്‍. പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റ് 26 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും. കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ച ടോക്‌സിക്, മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലും പ്രേക്ഷകരിലേക്ക് എത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
