മലപ്പുറം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് 80 ശതമാനത്തോളം ശാരീരിക-മാനസിക വൈകല്യം സംഭവിച്ച യുവാവിന് 1.05 കോടി രൂപ നഷ്ടപരിഹാരം നൽകാൻ മഞ്ചേരി മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ (മാക്റ്റ്) ഉത്തരവിട്ടു.
കിഴിശ്ശേരി തവനൂർ ഒന്നാംമൈൽ സ്വദേശി കിണറ്റിങ്ങൽ വീട്ടിൽ മുബഷിറിനാണ് ട്രൈബ്യൂണൽ ജഡ്ജി നഷ്ടപരിഹാരം അനുവദിച്ചത്. അപകടത്തിന് കാരണമായ വാഹനത്തിന്റെ ഇൻഷുററായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് കോടതി വിധിച്ച തുക നൽകേണ്ടത്.
2021 നവംബർ 3-നാണ് കേസിനാസ്പദമായ അപകടം നടന്നത്. വഴിയരികിലൂടെ നടന്നുപോകുകയായിരുന്ന മുബഷിറിനെ നിയന്ത്രണം വിട്ട മോട്ടോർസൈക്കിൾ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ തലയോട്ടിക്ക് ഗുരുതരമായ പൊട്ടലേറ്റതിനെ തുടർന്ന് അദ്ദേഹത്തെ ദീർഘനാളോളം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലും പിന്നീട് വാർഡിലുമായി ചികിത്സിച്ചു.
നിരവധി സങ്കീർണ ശസ്ത്രക്രിയകൾ നടത്തിയെങ്കിലും മുബഷിറിന് പൂർണ ആരോഗ്യം വീണ്ടെടുക്കാനായില്ല. അപകടത്തെ തുടർന്ന് 80 ശതമാനത്തോളം ശാരീരികവും മാനസികവുമായ വൈകല്യം സംഭവിച്ചതായി വിലയിരുത്തിയ ട്രൈബ്യൂണലാണ് 1.05 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
