14 വര്‍ഷത്തിന് ശേഷം യുഎസ് സ്റ്റേറ്റ് സെക്രട്ടറി കൊല്‍ക്കത്തയില്‍: 'മദര്‍ ഹൗസ്' സന്ദര്‍ശിച്ചു; മാര്‍ക്കോ റൂബിയോയുടെ ഇന്ത്യ സന്ദര്‍ശനത്തിന് തുടക്കം

MAY 23, 2026, 6:32 AM

കൊല്‍ക്കത്ത: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ശനിയാഴ്ച രാവിലെ കൊല്‍ക്കത്തയിലെത്തിയ അദ്ദേഹം, 14 വര്‍ഷത്തിന് ശേഷം പശ്ചിമ ബംഗാള്‍ തലസ്ഥാനം സന്ദര്‍ശിക്കുന്ന ആദ്യ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയാണ്.

സംസ്ഥാനത്ത് അടുത്തിടെ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെയുള്ള ഈ ഉന്നതതല സന്ദര്‍ശനം അന്താരാഷ്ട്ര നയതന്ത്ര രംഗത്ത് വലിയ പ്രാധാന്യത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്. ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറാണ് മാര്‍ക്കോ റൂബിയോയുടെ വരവ് എക്സിലൂടെ ഔദ്യോഗികമായി അറിയിച്ചത്. റൂബിയോയുടെ കരിയറിലെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. കൊല്‍ക്കത്തയിലെ ആദ്യഘട്ട പരിപാടികള്‍ക്ക് ശേഷം അദ്ദേഹം ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വിമാനത്താവളത്തില്‍ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറിന്റെ നേതൃത്വത്തിലാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

കൊല്‍ക്കത്തയിലെത്തിയ റൂബിയോ, വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ 'മദര്‍ ഹൗസ്' സന്ദര്‍ശിച്ചാണ് ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കമിട്ടത്. മദര്‍ തെരേസയുടെ കല്ലറയില്‍ പ്രാര്‍ഥിച്ച അദ്ദേഹം തുടര്‍ന്ന് മിഷനറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള നിര്‍മ്മല ശിശു ഭവന്‍ എന്ന കുട്ടികളുടെ ഭവനവും സന്ദര്‍ശിച്ചു.

മദര്‍ തെരേസ കരുണയുടെയും സേവനത്തിന്റെയും വലിയൊരു പൈതൃകമാണ് അവശേഷിപ്പിച്ചു പോയത്. കത്തോലിക്കാ വിശ്വാസത്തിന്റെ ജീവിക്കുന്ന ഉദാഹരണം നേരില്‍ കാണാനും ആ പൈതൃകത്തിന് ആദരവര്‍പ്പിക്കാനും കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് സന്ദര്‍ശനത്തിന് ശേഷം റൂബിയോ എക്‌സില്‍ കുറിച്ചു.


മെയ് 23 മുതല്‍ 26 വരെ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ കൊല്‍ക്കത്ത, ന്യൂഡല്‍ഹി എന്നിവയ്ക്ക് പുറമെ ആഗ്ര, ജയ്പൂര്‍ എന്നീ നഗരങ്ങളും റൂബിയോ സന്ദര്‍ശിക്കും. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധികളും കാരണം ഇന്ത്യയില്‍ ഊര്‍ജ്ജ വില വര്‍ധിക്കുമെന്ന ആശങ്കകള്‍ നിലനില്‍ക്കെ, അമേരിക്കയുടെ പൂര്‍ണ്ണ പിന്തുണ റൂബിയോ ഉറപ്പ് നല്‍കിയിട്ടുണ്ട്. യുഎസില്‍ നിന്നുള്ള ഊര്‍ജ ഉത്പാദനവും കയറ്റുമതിയും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്നും, ഇന്ത്യയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അമേരിക്ക സന്നദ്ധമാണെന്നും യാത്ര തിരിക്കും മുന്‍പ് മിയാമിയില്‍ വെച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിലവില്‍ 220 ബില്യണ്‍ ഡോളറിലുള്ള ഉഭയകക്ഷി വ്യാപാരം 2030 ഓടെ 500 ബില്യണ്‍ ഡോളറിലേക്ക് എത്തിക്കുക എന്ന ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യവും ഈ സന്ദര്‍ശനത്തിന് പിന്നിലുണ്ട്.

വ്യാപാരം, തന്ത്രപ്രധാന സാങ്കേതികവിദ്യകള്‍, പ്രതിരോധം, നിക്ഷേപം എന്നിവ ശക്തിപ്പെടുത്തല്‍ എന്നിവയാണ് ഈ ഉഭയകക്ഷി ബന്ധത്തിലെ പ്രധാന അജണ്ട. മെയ് 26 ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ റൂബിയോ പങ്കെടുക്കും. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അധ്യക്ഷത വഹിക്കുന്ന ക്വാഡ് മന്ത്രിതല യോഗം മേയ് 26 ന് രാജ്യതലസ്ഥാനത്ത് നടക്കും. യോഗത്തില്‍ മാര്‍ക്കോ റൂബിയോയ്ക്ക് പുറമെ ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ്, ജാപ്പനീസ് വിദേശകാര്യ മന്ത്രി തോഷിമിറ്റ്സു മൊട്ടേഗി എന്നിവരും പങ്കെടുക്കും. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ, ചൈനയുടെ സ്വാധീനം ചെറുക്കല്‍, ആഗോള വിതരണ ശൃംഖലയിലെ വെല്ലുവിളികള്‍ എന്നിവയ്‌ക്കൊപ്പം ഇസ്രയേല്‍-പലസ്തീന്‍ യുദ്ധ സാഹചര്യം ഉള്‍പ്പെടെയുള്ള ആഗോള വിഷയങ്ങളും യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും.

vachakam
vachakam
vachakam


2012 മെയില്‍ അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്‍ സന്ദര്‍ശിച്ചതിന് ശേഷം കൊല്‍ക്കത്തയിലെത്തുന്ന ആദ്യ പ്രതിനിധിയാണ് റൂബിയോ. ചരിത്രപരമായി അമേരിക്കയുടെ ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്ന കൊല്‍ക്കത്തയിലെ ഈ സന്ദര്‍ശനം ഇന്ത്യ-യുഎസ് നയതന്ത്ര ബന്ധത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കമിടുമെന്നാണ് വിലയിരുത്തല്‍.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam