ന്യൂഡല്‍ഹി: യുഎസുമായുള്ള വ്യാപാരക്കരാര്‍ സംബന്ധിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം രാജ്യത്തെ ജനങ്ങളുടെ താല്‍പര്യത്തെ ഹനിക്കാത്ത വിധത്തിലായിരിക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിടുക്കപ്പെട്ടുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും നിര്‍ദ്ദിഷ്ട ഉഭയകക്ഷി വ്യാപാരകരാര്‍ സംബന്ധിച്ച് യുഎസുമായി തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും പൊതുജനതാല്‍പര്യം സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
യുഎസുമായി മികച്ച വ്യാപാര ബന്ധത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്. 2030-ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറിലേക്കെത്തിക്കാനുള്ള ലക്ഷ്യമാണ് ഇരുരാജ്യങ്ങള്‍ക്കുമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ഫസ്റ്റ് നയത്തിലൂന്നിയും 2047-ല്‍ വികസിത ഭാരതം സാക്ഷാത്കരിക്കുക എന്നതും കണക്കിലെടുത്തുള്ള ചര്‍ച്ചകളാണ് ഇരുരാജ്യങ്ങള്‍ക്കിടയില്‍ നടക്കുന്നതെന്നും ഗോയല്‍ പറഞ്ഞു. ഭീഷണിയ്ക്ക് വഴങ്ങി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാന്‍ സര്‍ക്കാര്‍ ഒരുക്കമല്ലെന്ന വസ്തുത ഇതിനുമുന്‍പ് പലതവണ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാരക്കരാര്‍ സംബന്ധിച്ചുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ എത്രയും വേഗം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഇറ്റലി- ഇന്ത്യ ബിസിനസ് ഫോറത്തില്‍ സംസാരിക്കവേ ഗോയല്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്