ന്യൂഡെല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നതിനുള്ള നടപടികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആരംഭിച്ചു.
സോണിയയുടെയും രാഹുല്‍ ഗാന്ധിയുടെയും ഉടമസ്ഥതയിലുള്ള യംഗ് ഇന്ത്യന്‍ ലിമിറ്റഡ് (വൈഐഎല്‍) ഏറ്റെടുത്ത അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ (എജെഎല്‍) സ്വത്തുക്കള്‍ സ്ഥിതി ചെയ്യുന്ന ഡല്‍ഹി, മുംബൈ, ലഖ്നൗ എന്നിവിടങ്ങളിലെ പ്രോപ്പര്‍ട്ടി രജിസ്ട്രാര്‍മാര്‍ക്ക് കേന്ദ്ര അന്വേഷണ ഏജന്‍സി നോട്ടീസ് നല്‍കി.
നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎലിനെ വൈഐഎല്‍ ഏറ്റെടുത്തതിലൂടെ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതും ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടതാണ് കേസ്. 2,000 കോടിയിലധികം വിലമതിക്കുന്ന സ്വത്തുക്കളുടെ നിയന്ത്രണം നേടുന്നതിനായി യംഗ് ഇന്ത്യന്‍, എജെഎല്ലിന്റെ സ്വത്തുക്കള്‍ ദുരുദ്ദേശ്യപരമായ രീതിയില്‍ ഏറ്റെടുത്തുവെന്ന് പ്രാഥമിക പരാതി നല്‍കിയ ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി ആരോപിക്കുന്നു.
2023 നവംബറില്‍, ഡല്‍ഹി, മുംബൈ, ലഖ്നൗ എന്നിവിടങ്ങളിലെ 661 കോടി രൂപ വിലമതിക്കുന്ന സ്ഥാവര സ്വത്തുക്കളും 90.2 കോടി രൂപ വിലമതിക്കുന്ന എജെഎല്‍ ഓഹരികളും ഇഡി താല്‍ക്കാലികമായി കണ്ടുകെട്ടിയിരുന്നു. ഏപ്രില്‍ 10 ന് ഈ കണ്ടുകെട്ടല്‍ സ്ഥിരീകരിച്ചു.
മുംബൈയിലെ ഹെറാള്‍ഡ് ഹൗസിലെ മൂന്ന് നിലകളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ജിന്‍ഡാല്‍ സൗത്ത് വെസ്റ്റ് പ്രോജക്ട്‌സിന് പ്രത്യേക നോട്ടീസ് നല്‍കിയിട്ടുണ്ട്. ഭാവിയിലെ എല്ലാ വാടക പേയ്മെന്റുകളും ഇഡിയില്‍ നേരിട്ട് നിക്ഷേപിക്കാന്‍ കമ്പനിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
2014 ല്‍ ഡല്‍ഹി കോടതിയില്‍ സുബ്രഹ്‌മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഒരു സ്വകാര്യ ക്രിമിനല്‍ പരാതിയെ തുടര്‍ന്നാണ് 2021 ല്‍ ഇഡിയുടെ അന്വേഷണം ആരംഭിച്ചത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് യംഗ് ഇന്ത്യന്‍ വഴി 2,000 കോടി രൂപയിലധികം വിലമതിക്കുന്ന എജെഎല്‍ സ്വത്തുക്കള്‍ 50 ലക്ഷം രൂപയ്ക്ക് വഞ്ചനാപരമായി കൈയടക്കാന്‍ പദ്ധതിയിട്ടതായി പരാതിയില്‍ ആരോപിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്